പേടിയുണ്ടോ നിനക്ക്.....?
ഇല്ല...
ഇനി ഞാൻ എന്തിന് പേടിക്കണം.
ഈ ഇരുട്ട് അതിന്റെ ശ്വാസഗതിയിൽ ഇരമ്പുന്ന തണുത്ത കാറ്റ്. തണുക്കുന്നുണ്ടോ നിനക്ക്....?
ഇല്ല....
മനസ്സ് മരവിച്ച ശരീരത്തിന് ഒരു കുളിർക്കാറ്റു പോലും ഏറ്റുവാങ്ങാനുള്ള ത്രാണി ഇല്ലാതായിരിക്കുന്നു.
ഞാൻ നിന്റെ അരികെ ഇരുന്നോട്ടെ....?
ഇരുന്നോളൂ...
പക്ഷേ നീ പേടിക്കണം.
മുൻപും അങ്ങനെ ആയിരുന്നല്ലോ....
നിനക്ക് ചുറ്റും ഞാനൊഴികെ നിന്റെ പ്രിയപ്പെട്ടവരുടെ കാവൽപ്പട ഉണ്ടാവും. ശാസനകൾ കൊണ്ട് അവരുടെ വാക്കുകൾ നിന്റെ കാതിൽ ഇരച്ചു കയറും...ഒടുവിൽ പേടിതോന്നുന്നുവെന്നു നീ പറയും.
സാരമില്ല. ഞാൻ നിന്റെ കൈകളിലൊരു മുത്തം തന്നോട്ടെ....?
വേണ്ട...
കൈവെള്ളയിലടിച്ചു നീ തന്ന നിന്റെ പാഴ്വാക്കുകൾ കൊണ്ട് എന്റെ ശരീരമാകെ ചുവന്നിരിക്കുന്നു... സ്വച്ഛന്ദമൊഴുകുന്ന നീലഞരമ്പുകൾ, എന്റെ ഹൃദയവേരുകൾ നിന്റെ മൗനം കൊണ്ട് മുറിവേറ്റിരിക്കുന്നു.
ഞാൻ ഇനി എന്ത് ചെയ്യണം....?
തിരിച്ചു പോവുക.
എന്റെ ചിത എരിഞ്ഞടങ്ങുമ്പോൾ ഈ കണ്ണുനീർ കൊണ്ട് വീണ്ടും നീയെന്റെ ശരീരത്തെ പൊളിക്കരുത്...
പച്ചമാംസം കത്തിയെരിയുന്ന വേദന ഞാൻ അറിഞ്ഞിരിക്കുന്നു..തിരികെ പോവൂ.
നിനക്ക് ഒന്നും പറയാനില്ലേ എന്നോട്.....?
ഉണ്ടായിരുന്നു....ഒരായിരം കാര്യങ്ങൾ. തന്ന മറുപടികൾ അത്രയും എന്റെ ചിന്തയെ ഭ്രാന്ത് പിടിപ്പിച്ചപ്പോൾ ഞാൻ അതെല്ലാം മായ്ച്ചു കളഞ്ഞിരിക്കുന്നു.
പിന്നെ......?
ഒന്നുമില്ല..
ഒന്നും......?
കണ്ണടയുമ്പോഴും അവസ്സാന നിമിഷങ്ങളിൽ ഞാൻ നിന്നെ തിരഞ്ഞിരുന്നു.....
നീ വന്നില്ല.
ഇനി വരികയുമരുത്.
നിന്റെ ഈ നിസ്സംഗതയാണ് എന്നെ ഇല്ലാതാക്കിയത്.
ഇപ്പോഴുമുള്ള ഈ ഭാവം എന്നെ പരിഹസിക്കും പോലെ.
ഞാനെന്റെ വിഡ്ഢികുപ്പായം അഴിച്ചു വെച്ചിരിക്കുന്നു. ഇനി ഒരു മുഖമൂടിക്കാർക്കും എന്നെ ചതിക്കാൻ ആവില്ല...
നിനക്കിനി പോവാം..
ഈ കല്ലറയോളം ശാന്തത മറ്റെവിടെയും ഞാൻ അനുഭവിച്ചിട്ടില്ല...
ഇനി വരരുത്.
തിരികെ നൽകാൻ ഇപ്പോഴും നീ തിരസ്ക്കരിച്ച ആ സ്നേഹം...
ഈ കല്ലറയ്ക്കുള്ളിൽ എന്റെ നെഞ്ചിൻചൂടിൽ നിന്നെ മറന്നു ഉറങ്ങാൻ ശ്രമിക്കുകയാണ്....
ഇനി നീ വരരുത്. ഒരിയ്ക്കലും ..............
