ഇന്നലെ വരെ ഞാൻ എഴുതിയിരുന്നു..
കഥയും കവിതയും പല ഭാവ വർണ്ണങ്ങളിൽ.
പല സങ്കൽപ്പ വീചികളിൽ.... ഹൃദയസ്പന്ദനമായി....
നിമിഷമാത്രയിലൊരു കാന്തിക ശക്തിയാൽ നിഗൂഢതയുടെ ലോകത്തിലേക്കെന്നെ ആവാഹിച്ചെടുപ്പിച്ചത് ഈ ജീവിതത്തിന്റെ ഇരുളും വെളിച്ചവുമാവാം..... മരുഭൂമിയിലൊറ്റപെട്ട കള്ളിമുൾച്ചെടിക്ക് ഒരിറ്റു ദാഹജലം പോൽ എന്റെ ഉള്ളറയിലെ അഗ്നിക്കു ശാന്തത പകരാൻ, എരിഞ്ഞമര്ന്ന സത്യങ്ങളെ ലോകത്തിനോടേറ്റു ചൊല്ലാൻ വിറയ്ക്കുന്ന കൈകളിലെ ഒരു പേനത്തുമ്പിനാലെനിക്കു സാധിക്കുമായിരുന്നു....
ഏവരും അര്ഥശൂന്യമെന്നു അഭിസംബോധന ചെയ്ത എന്റെ കഥകളിലൂടെ കവിതകളിലൂടെ.......
എന്നാലിന്നു, ഭ്രാന്തിയെന്ന ലേബലൊട്ടിച്ചു തടവറയിലകപ്പെട്ടയെന്റെ കൈകൾക്കു ശക്തിയില്ലാതാവുന്നു...
എന്റെ ലോകമെന്തെന്നു മനസിലാക്കാത്ത എഴുത്തിന്റെ ആഴമറിയാത്ത മനുഷ്യക്കോലങ്ങൾ എനിക്ക് മുന്നിൽ അട്ടഹസിക്കുന്നു....
ഒരു പുച്ഛത്തോടെ...
ഇന്നെനിക്കു മനസിലായി....
കഥയല്ലിത് ജീവിതമാണ്....
ഒരു കഥയിലും എഴുതി ചേർക്കാൻ കഴിയാത്ത നൊമ്പരങ്ങൾ ഞാനെഴുതുന്നില്ല...... ഇനിയെന്റെ ദിനരാത്രങ്ങൾ നിശബ്ദമായിരിക്കും.. എന്റെ തൂലികകൾ മൗനമായിരിക്കും..



