Sunday, 29 October 2017

പ്രതീക്ഷ


ഈ ജീവിതമെന്നു പറയുന്നതേ ഒരു ഞാണിൻമേൽ കളിയാ... 
എല്ലാം നിർത്തി ഒരു ദിവസം അങ്ങ് പോവേണ്ടി വരും.. 
പിന്നെ എന്തിനാ വെറുതെ എപ്പോയോ തോന്നിയ ഇഷ്ടങ്ങളെ ഓർത്തു മഞ്ഞുകൊട്ടാരം തീർക്കുന്നത്... ഉരുകി തീർന്നു പോവില്ലേ എല്ലാം... 
അകലം പാലിച്ച സൗഹൃദങ്ങളെ മാടി വിളിച്ചു വീണ്ടും ഒരു ഒത്തുചേരൽ...... ഒരുപക്ഷെ പരിഹാസപാത്രമാവുന്നതു സ്വയം തന്നെയാവും... എല്ലാത്തിന്റെയും അവസാനം തിരശീലയ്ക്കു പിറകിൽ കൂടെയെന്നും ചേർന്ന് നിന്ന വിഫലമായ ചില സ്വപ്നങ്ങൾ മാത്രം...
 ഇനിയൊരു തിരിച്ചു വരവില്ലാത്ത യാത്രയോട് മാത്രം ഇഷ്ട്ടം...  ആഗ്രഹിച്ചതത്രയും കയ്യകലത്തിനും ദൂരെ നിന്നും കണ്ടു തീരുന്നു... പ്രതീക്ഷകൾക്കൊന്നും ഈ ഊരു ചുറ്റിയുടെ മനസ്സിനെ പിടിച്ചു നിർത്താൻ ആവില്ലിനി......... 
പലപ്പോഴും തോന്നാറുണ്ട് ഈ ജീവിതത്തിൽ നമ്മളൊക്കെ നേടിയതിനെക്കാളും കൂടുതലും നഷ്ടപ്പെട്ടതിൽ ചിലതിനെയോർത്തു പരിതപിക്കുന്നവരാണ്..
 ഒരുപക്ഷെ ഒന്നും മറ്റൊന്നിനു പകരമാവില്ല എന്ന സത്യം ജീവിതത്തിന്റെ ഓരോ താളും മറിച്ചിടുമ്പോൾ അറിയാൻ കഴിയും... 
ഒന്നു ഓർത്താൽ മതി...
 നമുക്കുള്ളതാണേൽ അതു ഓട്ടോ പിടിച്ചാണെലും നമ്മളെ തേടിയെത്തും.. കേട്ടിട്ടില്ലേ.. 
ഓരോ അരിമണിയിലും അതു കഴിക്കേണ്ട ആളെ പേര് എഴുതി വച്ചിട്ടുണ്ടെന്നു....  
അതിപ്പോ സൗഹൃദമോ പ്രണയമോ എന്തിനു പറയുന്നു നല്ല നാടൻ തലശ്ശേരി ബിരിയാണി ആണെങ്കിൽ പോലും നമുക്കുള്ളതാണേൽ നമ്മുക്ക് കിട്ടിയിരിക്കും...  

Wednesday, 25 October 2017

വരും ജന്മമെങ്കിലും ഒരു പച്ച മനുഷ്യനായി ജനിക്കണം .. 
ജാതിയും മതവും അവിടെ ഉറഞ്ഞു തുള്ളുന്ന മനുഷ്യക്കോലങ്ങളുടെ വായ്മൂടി കെട്ടണം..... 
ജീർണ്ണിച്ച അന്ധവിശ്വാസങ്ങളെ പൊള്ളുന്ന തീച്ചൂളയിലെറിഞ്ഞു അവിശ്വാസങ്ങളുടെ പട്ടികയിൽ ആലേഖനം ചെയ്യണം....
 ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം സ്നേഹമെന്ന വികാരത്തിന് ഹൃദയത്തെ തൊട്ടറിയാൻ കഴിയണം......  
അവിടെയെന്റെ പ്രണയം ഒരിക്കൽക്കൂടി വാഗ്വാദങ്ങളുടെ അറവുശാലയിൽ ശ്വാസം മുട്ടി മരിക്കാതിരിക്കട്ടെ......

Tuesday, 17 October 2017

ബാംഗ്ലൂർ ജീവിതം... ഒരു നേർക്കാഴ്ച

ജീവിതമെന്നു പറയുന്നത് പടച്ചോൻ തന്നു അനുഗ്രഹിച്ച വരദാനമാ...അതിങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കീട്ടു വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാനും സ്വയം ന്യായീകരിക്കാനും മറ്റുള്ളോരെ മോശക്കാരാക്കാനും വെറുതെ എന്തിനാ കഷ്ട്ടപെടുന്നേ..... ... 
കുറേ കാലമായിട്ട് കേൾക്കുന്നതാ ബാംഗ്ലൂർ പഠിക്കുന്ന ജോലിചെയ്യുന്ന പെൺകുട്ടികൾ അത്രയും മോശക്കാരാണെന്ന് പ്രചരിക്കുന്ന ചില വാർത്തകൾ..     ആരൊക്കെയോ ബാംഗ്ലൂർക്കു വരുന്ന ബസ്സിൽ വെച്ച് മോശമായ രീതിയിൽ എന്തോ കണ്ടെന്നും അതുകൊണ്ട് തന്നെ കുട്ടികളെ അന്യ സംസ്ഥാനങ്ങളിൽ പഠിക്കാൻ വിടരുതെന്നും ഒക്കെ... പിന്നെ ചിലര് പറയുന്നു ബാംഗ്ലൂർ പഠിച്ച കുട്ടികൾക്ക് നാട്ടിൽ കല്യാണം കഴിക്കാൻ ചെക്കനെ കിട്ടില്ലെന്ന്.. 
എല്ലാരേയും ഒന്നടങ്കം ഒരു കുറ്റം പറച്ചിൽ.... ബാംഗ്ലൂർ പഠിക്കുന്ന ചെക്കന്മാരൊക്കെ കഞ്ചാവാണ് അവരൊക്കെ മോശപ്പെട്ട രീതിയിൽ ബാംഗ്ലൂർ ജീവിക്കുന്നവരാണ് എന്നൊക്കെ....
അല്ലാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ....
 ഈ ബാംഗ്ലൂർ ജീവിക്കുന്നവരെ പറ്റി ഒന്നടങ്കം ആക്ഷേപിച്ചു പറയാൻ ഇവർക്കൊക്കെ എന്താ ഇത്ര ധൈര്യം...
അവരു കേട്ടതും കണ്ടതും മാത്രമാണോ ശെരി.. വാ കീറിയ കോടാലി പോലെ വായിൽ തോന്നിയത് അവരു പറയുന്നതിൽ മാത്രമാണോ സത്യങ്ങൾ... ? 
ചെലപ്പോ അവരു പറയുന്നത് പോലത്തെ ആണും പെണ്ണും ഒക്കെ ഇവിടെ ഉണ്ടാവാം..
ഇല്ലെന്നു പറയുന്നില്ല....
 എന്നു കരുതി എല്ലാ പെൺകുട്ടികളെയും ആൺകുട്ടികളെയും അടച്ചാക്ഷേപിക്കും മുൻപ് ഓർക്കണം, ഇവിടെ 4, 5 വർഷമായി ബാംഗ്ലൂർ ജീവിക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറയുവാ. വീട്ടിലെ കഷ്ടപ്പാടുകൾക്കിടയിലും അച്ഛൻ വിയർപ്പൊഴുക്കി അധ്വാനിച്ചു ഉണ്ടാക്കിയ കാശ് കൊണ്ടു പഠിക്കാൻ വന്ന, ജോലി ചെയുന്ന കുട്ടികളുണ്ട്... നല്ല അന്തസായി ജീവിക്കുന്നവർ... 
ഇവരെയൊക്കെ കുറിച്ച് വായിൽ തോന്നിയത് പറയുമ്പോൾ ആലോചിക്കണം സദാചാരക്കാർ വാഴുന്ന നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടിൽ ജീവിക്കുന്ന പെണ്ണിനേയും ആണിനേയും കുറിച്ച്..
അവിടെ ഇതിലും കഷ്ട്ടം ആവും അവസ്ഥ..അവിടുത്തെ കാര്യത്തിനൊക്കെ ഒരു തീർപ്പു കല്പിച്ചിട്ടു പോരെ ഇവിടുള്ളോരേ മൊത്തം ആക്ഷേപിക്കുന്നത്... വെടക്കാവുന്നവർ എവിടെ ആണേലും ഉടായിപ്പ് തന്നെയാവും... അതു സ്വന്തം നാടെന്നോ ബാംഗ്ലൂർ എന്നോ വ്യത്യാസമില്ല... 
മാന്ന്യന്മാർ പറയും പോലെ ബാംഗ്ലൂർ ഉള്ള എല്ലാരും മോശക്കാരല്ല .. കുടുംബത്തിൽ പിറന്ന ആരും ഇവരൊക്കെ പറയും പോലത്തെ പണിക്കു പോവുകയും ഇല്ലാ.... പിന്നൊരു കാര്യം.. ഇനി ബാംഗ്ലൂർ പഠിച്ച എന്നെ പോലുള്ള പെങ്കുട്ട്യോൾക്ക് കല്യാണം കഴിക്കാൻ ചെക്കന്മാരെ കിട്ടിയില്ലേൽ വേണ്ട.. 
ഇഷ്ട്ടപെടുന്ന പയ്യൻ ഉണ്ടെങ്കിൽ വീട്ടിൽ പറഞ്ഞു നല്ല അന്തസായി കെട്ടിക്കോളും .. ഓരോന്നും പറഞ്ഞു ഇവിടത്തെ പെങ്കുട്ട്യോളെ കുറിച്ച് അപവാദം പറയാതെ അവനവനെ തന്നെ നന്നായൊന്നു നോക്കിയാട്ടെ . 
എന്താ ഇത്ര ചൊറിച്ചിലെന്നു ഇവിടത്തെ പിള്ളേരുടെ കാര്യത്തിൽ.... എന്തൊക്കെ പറഞ്ഞാലും ബാംഗ്ലൂർ നമ്മക്ക് പെരുത്തിഷ്ട്ടാ...
 ഒത്തിരി നല്ല കൂട്ടുകാരെയും അത്യാവശ്യം നല്ലൊരു ജോലിയും ഒക്കെ തന്നത് ഈ സിറ്റി ആണ്... 
ആര് കുറ്റം പറഞ്ഞാലും പഴി ചാരിയാലും ബാംഗ്ലൂരിനോട് നമുക്കൊരു മുഹബത്താണ്....
അതിപ്പോ നാട്ടിലെ പകൽമാന്യന്മാർ എന്തു തോന്നിയത് പറഞ്ഞാലും ഒക്കെ കേട്ടു മൗനം ഭക്ഷിക്കാൻ തൽക്കാലം പറ്റില്ല.. 
അഭിപ്രായങ്ങൾ ആർക്കും പറയാം എന്നു കരുതി കൂട്ടത്തോടെയുള്ള ആക്ഷേപങ്ങളൊന്നും ചെവി കൊടുക്കാതിരിക്കാൻ പറ്റില്ല...
 ഈ സിറ്റിയിൽ പഠിക്കുകയും ജോലി ചെയ്യുകയും അച്ഛനേം അമ്മയേം കുടുംബത്തിനേം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നല്ല പിള്ളേരുണ്ട്... അതുകൊണ്ടാ ഇങ്ങനൊരു പോസ്റ്റ് ഇവിടെ ഇടുന്നത്... ഇനി എന്നെ എന്തെങ്കിലും രീതിയിൽ ഈ പോസ്റ്റിട്ടതിനു കുറ്റം പറയാനുള്ളവർ ഉണ്ടാവും ല്ലേ....  

Tuesday, 10 October 2017

വാർദ്ധക്യമൊരു തിരിച്ചറിവ്

അപ്പൂപ്പാ... കാതിൽ ഉണ്ണിക്കുട്ടന്റെ ശബ്ദം..ഒരുപാട് നാളായി കേൾക്കാൻ കൊതിച്ച സ്വന്തം പേരക്കിടാവിന്റെ ശബ്ദം.. എന്റെ കൈ ചെറുതായൊന്നു വിറച്ചെന്നു തോന്നുന്നു. മറുപടിയൊന്നും പറയാൻ കഴിയാതെ ചുണ്ടുകൾ വിതുമ്പി.. അപ്പൂപ്പാ ന്താ മോനൂനോടൊന്നും മിണ്ടാത്തെ.. പിണക്കാണോ.. മറുതലയ്ക്കൽ വീണ്ടും ഉണ്ണിക്കുട്ടന്റെ ശബ്ദം... ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു... കണ്ണുനീരിനെ എന്നാൽ ആവും വിധം കടിച്ചമർത്തി.. മോനൂനോടെന്തിനാ അപ്പൂപ്പൻ പിണങ്ങുന്നേ.. ആരോടും പിണക്കം ഇല്ലാട്ടോ അപ്പൂപ്പന്.. ഇഷ്ട്ടം മാത്രേ ഉള്ളൂ.. എന്റെ മറുപടിയിൽ ആ കുഞ്ഞു മനസ്സ് തൃപ്തനായ പോലെ..കുഞ്ഞുങ്ങളുടെ മനസ്സ് അങ്ങനെയാണല്ലോ.... സന്തോഷം കൊണ്ടു ഫോണിൽ കൂടി തുരുതുരാ മുത്തം നൽകി അവനെന്നെ വീർപ്പുമുട്ടിച്ചു..ഒരു നിമിഷം ഞാൻ എന്നെ തന്നെ മറക്കുകയായിരുന്നു ആ കുഞ്ഞിന്റെ നിഷ്ക്കളങ്ക സ്നേഹത്തിനു മുൻപിൽ... അപ്പായും അമ്മായും എന്തിയേ... അപ്പൂപ്പന് അവരോടൊന്നു സംസാരിക്കണം.. മോൻ ഫോൺ ഒന്നു കൊടുക്കാമോ.. ഞാൻ ചോദിച്ചു. അവരാരും ഇവിടില്ല അപ്പൂപ്പാ.. ആരും ഇല്ലാത്ത നേരത്തു ആരും കാണാതെയാണ് ഞാൻ അപ്പൂപ്പനെ വിളിക്കുന്നെ.. മോനൂനു കൊതിയായി അപ്പൂപ്പനോട് മിണ്ടാൻ.. പറഞ്ഞു തന്ന കഥകളൊക്കെ മോനു മറന്നൂ ട്ടോ.. പാട്ടൊന്നും ഓർമ്മയില്ല. സങ്കടം വരുമ്പോൾ അപ്പൂപ്പന്റെ പഴയ ഫോട്ടോ എടുത്തു നോക്കും.. അതു മാത്രേ മോനൂന്റെ കയ്യിലിപ്പോ ഉള്ളൂ.. റൂമിലെ ഷെൽഫിൽ ആരും കാണാതെ ഞാനത് ഒളിച്ചു വച്ചിരിക്കയാ...ഇവിടാരും അപ്പൂപ്പനെ കുറിച്ച് ഒന്നും സംസാരിക്കില്ല... ഞാൻ ചോദിച്ചാൽ എന്നോട് ദേഷ്യപ്പെടും.... എന്താ അപ്പൂപ്പാ എല്ലാരും ഇങ്ങനെ... അപ്പൂപ്പൻ ഭക്ഷണം ഒക്കെ കഴിച്ചോ.. എന്നാ മോനൂനെകാണാൻ വരുന്നേ.. നാരങ്ങ മിട്ടായി വാങ്ങി തരണേ.. അപ്പൂപ്പനെ എന്നും മോനൂന് കാണാൻ തോന്നുവാ.. വാതോരാതെ ഉണ്ണിക്കുട്ടൻ മിണ്ടിക്കൊണ്ടിരിക്കുമ്പോ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. ഉള്ളിലടക്കി പിടിച്ച സങ്കടം അത്രയും ഒരു പൊട്ടിക്കരച്ചിലാവും മുൻപേ ഞാൻ ഫോൺ കട്ട് ചെയ്തു.. ഉണ്ണിക്കുട്ടന് സങ്കടായി കാണും.. അവന്റെ വിശേഷങ്ങളൊന്നും ഞാൻ ചോദിച്ചില്ല..ആ ഇളംമനസ്സു നൊന്തു കാണുമോ.... വിസിറ്റിംഗ് റൂമിൽ തളർന്നിരിക്കുന്ന എന്റടുത്തു വന്നിരുന്നു രാഘവേട്ടൻ പതിയെ കൈകൾ എന്റെ തോളത്തിട്ടു.. എല്ലാം കണ്ടും കേട്ടും കഴിഞ്ഞു പുള്ളി.. നീ എന്തിനാ പദ്മനാഭാ ഈ കരയണെ.. മാത്രവും അല്ലാ ആ കൊച്ചിനെ കൂടി കരയിച്ചു കാണും.. ഇനി നിനക്ക് കരയണം എന്നാണേൽ വാ റൂമിലേക്ക് പോവാം.. ഇവിടിരുന്നു എല്ലാരേം കാണിക്കേണ്ട.. ഞാൻ പതിയെ എണീറ്റു. റൂമിലെത്തിയ എന്നെ ചിരിപ്പിക്കാനും ഈ മൂഡ് ഒന്നു മാറ്റിയെടുക്കാനും രാഘവേട്ടൻ ഓരോ കോമഡി ഒക്കെ പറയുന്നുണ്ട്... പുള്ളി മുൻ ഡിജിപി ആണ്.. എത്ര വലിയവനായാലും അവസാനം ഇവിടെ തന്നെ ശരണം.. പാവം.. എന്നെ സന്തോഷിപ്പിക്കാൻ രാഘവേട്ടൻ പറയുന്നതൊന്നും എന്റെ മനസ്സ് കേൾക്കുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഞാൻ ഒന്നു മയങ്ങട്ടെ രാഘവേട്ടാന്നും പറഞ്ഞു ആ കട്ടിലിലേക്ക് കിടന്നു.. എന്നാ ശരി അങ്ങനെയാവട്ടെ എന്നും പറഞ്ഞു പുള്ളി പോയി.... അല്ലെങ്കിൽ തന്നെ ഒരേ തുലാസിൽ ആടുന്ന ജീവിതല്ലേ ഇവിടെല്ലാർക്കും...വാർദ്ധക്യമെന്ന കൂരിരുട്ടിൽ പെട്ടു അന്ധതയെ ശപിച്ചു കഴിയുന്നവരല്ലേ ഇവിടെയുള്ള എല്ലാരും... എന്തു പറഞ്ഞാ പരസ്പരം ആശ്വസിപ്പിക്കുന്നെ.. പഴയ ചില കാര്യങ്ങൾ ഓരോന്നും ഓർത്തു പോവാ ഞാൻ... നെഞ്ചിനൊരു വേദന പോലെയുണ്ട്..സഹിക്കാൻ പറ്റാതാവുന്നു.. ഓരോന്നാലോചിക്കുമ്പോ വേദനിക്കാതിരിക്കുവോ... രാമല്ലൂർ ഗ്രാമത്തിൽ സംസ്ഥാന തലത്തിൽ മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ച ഒരേയൊരാൾ ഞാനായിരുന്നു.. സന്തുഷ്ടമായ കുടുംബം. ഭാര്യയും കാത്തു കാത്തിരുന്നു ആറ്റുനോറ്റു ഉണ്ടായ ഒരേയൊരു മകനും.. സ്നേഹം കൊണ്ടു നന്മ നിറഞ്ഞൊരു വീട്.. ധാരാളം സ്വത്തുക്കൾ, കൂട്ടുകാർ, കുടുംബക്കാർ.. എല്ലാം കൊണ്ടും എല്ലാം തികഞ്ഞവൻ.. ഭവാനി വിട്ടു പോയപ്പോൾ മകനു വേണ്ടി മാത്രമുള്ളൊരു ജീവിതമായിരുന്നു പിന്നീട്..ആവോളം അവനെ സ്നേഹിച്ചു.. പൊന്നു പോലെ വളർത്തി.. പഠിപ്പിച്ചു.. അവന്റെ ആഗ്രഹം പോലെ തന്നെ അവൻ ഡോക്ടർ ആയി... ആഗ്രഹിക്കുന്നതെന്തും ഞാനവന് സ്വന്തമാക്കി കൊടുത്തു.. കൂടെ പഠിച്ച പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ജാതിയും മതവും നോക്കാതെ മറ്റു കുടുംബക്കാരുടെ എതിർപ്പു നോക്കാതെ സന്തോഷത്തോടെ അവരുടെ കല്യാണം നടത്തി കൊടുത്തു... ഒരച്ഛന്റെ എല്ലാ കടമകളും സ്നേഹത്താൽ ഞാൻ നിറവേറ്റി കൊടുത്തു... എന്റെ പേരിലുള്ളതത്രയും സ്വത്തുക്കളും മറ്റും അവന്റെ ഭാര്യയുടെ ആവശ്യം ആണെന്നറിഞ്ഞിട്ടും ഞാൻ അവർക്കു നൽകി...പക്ഷേ മനസ്സിലാക്കാൻ വൈകി പോയി.. അവന്റെ സ്വപ്നങ്ങൾ അത്രയും നേടിക്കൊടുത്തു കൊണ്ടിരുന്നപ്പോഴും ഞാനറിയാതെ അവനെന്നിൽ നിന്നും അകലുകയായിരുന്നു.. അവസാനം അച്ഛന്റെ ശീലങ്ങളും പഴക്കങ്ങളും ഒന്നും ഇഷ്ട്ടപെടാതിരുന്ന അവന്റെ ഭാര്യയ്ക്ക് മുൻപിൽ സ്വന്തം അച്ഛനെ രക്ഷിക്കാൻ മകൻ ഒരുപായം കണ്ടെത്തി... വൃദ്ധസദനം... കുറച്ചു കൂടി ഡെക്കറേഷനിൽ പറഞ്ഞാ വയോധികന്മാരുടെ പൂന്തോട്ടം.... പേരക്കിടാവിന്റെ സ്നേഹംപോലും എനിക്ക് നിഷേധിച്ച അവിടുന്ന് അപ്പോൾ അവരുടെ ആഗ്രഹം പോലെ ഇറങ്ങി കൊടുക്കാനേ തോന്നിയുള്ളൂ... ആർക്കും ശല്യമാവരുത് ഇനിയുള്ള ജീവിതം... പടിയിറങ്ങുമ്പോ ഉണ്ണിക്കുട്ടൻ മാടി വിളിക്കുന്നുണ്ടായിരുന്നു എന്നെ.. അത്ര പോലും എന്റെ ചോരയിൽ പിറന്ന ഞാൻ മതിയാവോളം ലാളിച്ചും കൊഞ്ചിച്ചും വളർത്തിയ മകനു തോന്നിയില്ല.. നെഞ്ച് പൊട്ടുന്ന വേദനയോടെ അന്നിറങ്ങിയതാ ആ പടികൾ .. ശേഷം ഇതുവരെ ആരെയും കണ്ടിട്ടില്ല.. അന്ന്വേഷിച്ചും ആരും വന്നില്ല... തിരിച്ചു ചെന്നാൽ കിട്ടുന്ന അവഗണന ഓർത്തു പോയതും ഇല്ല.. ഒടുവിൽ ഇന്നു എന്റെ ഉണ്ണിക്കുട്ടൻ എന്നെ വിളിച്ചു.. അവന്റെ സ്നേഹം ഒരിക്കൽക്കൂടി അറിയാൻ കഴിഞ്ഞു.. ഒരു പുഞ്ചിരി എന്നിൽ നിറഞ്ഞു.. ഞാൻ ഉറക്കത്തിലേക്കു വഴുതി വീഴും പോലെ തോന്നി... ചുറ്റുമുള്ളതൊക്കെയും ഒരു മായാലോകം പോലെ തോന്നിക്കുന്നു... എന്റെ കണ്ണുകൾ തുറക്കാൻ കഴിയാത്ത വിധം അടഞ്ഞു പോയിരിക്കുന്നുവോ... എഴുന്നേൽക്കാൻ ശ്രമിക്കാൻ പോലും കഴിയാത്ത വിധം ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു.. പദ്മനാഭാ നീ എണീക്കുന്നില്ലേ, പദ്മനാഭാ... രാഘവേട്ടന്റെ സ്വരം... നേരം സന്ധ്യ ആവാറായി.. പ്രാര്ഥനയ്ക്കുള്ള നേരായല്ലോ.നീ ഇപ്പോഴും കിടക്കാതെ ഒന്നെണീറ്റു വന്നേ... രാഘവേട്ടൻ കുലുക്കി വിളിച്ചിട്ടും ഞാൻ എണീറ്റില്ല.. അപ്പോഴും കണ്ണുകളടച്ചു കിടക്കുകയാണ്.. എന്റെ ചുറ്റും ആളുകൾ കൂടി.. എല്ലാർക്കും വെപ്രാളം.. മുഖത്താരോ വെള്ളം കുടയുന്നുണ്ട്.. ആരോ ഒരാളെൻറെ ശ്വാസമിടിപ്പു നോക്കുന്നു.. അതേ എന്റെ ശ്വാസം നിലച്ചിരുന്നു.. കൈകൾ നിശ്ചലമായി തീർന്നു..... കഴിഞ്ഞൂന്നാ തോന്നുന്നേ.. രാഘവേട്ടനും ബാലൻ നമ്പ്യാരും പറയുന്നേ ഞാൻ കേട്ടു.. എല്ലാരിലും മൂകമായൊരു നിശബ്ദത.... അമേരിക്കയിലുള്ള മകനെ വിളിച്ചറിയിക്കണ്ടേ.. ആരെങ്കിലും ഒന്നു കോൺടാക്ട് ചെയ്തേ വേഗം.. ഇടറിയ സ്വരത്താലാണ് രാഘവേട്ടൻ പറഞ്ഞൊപ്പിച്ചത്... കുറച്ചു കഴിഞ്ഞപ്പോൾ വക്കീൽ ചന്ദ്രൻ പറയുന്നുണ്ടാർന്നു... പദ്മനാഭേട്ടന്റെ മകൻ അവിടെ അമേരിക്കയിൽ തെരക്കായത് കൊണ്ടു വരാൻ പറ്റില്ല ചടങ്ങിനുള്ള പൈസ അയക്കാന്നു പറഞ്ഞെന്നു.. ഇതു കേട്ടതോടെ രാഘവേട്ടൻ കരഞ്ഞു തുടങ്ങി... അവിടെ കൂടി നിൽക്കുന്ന എല്ലാരിലും ദുഃഖം നിഴലിക്കുന്നുണ്ട് . അവസാന നിമിഷം പോലും കൂടെയുണ്ടായത് ജന്മം കൊണ്ടു ബന്ധമുള്ളവരല്ല.. ഒരിറ്റു കണ്ണീർ എനിക്ക് വേണ്ടി തന്നത് ഞാൻ ജന്മം നൽകിയ മകനോ കൂടപ്പിറപ്പുകളോ അല്ല.... നാളെയൊരു പക്ഷെ എനിക്ക് ചുറ്റും കൂടിയവരുടെ വിധിയും ഇതു പോലെയാവാം... എന്നാലും ശപിക്കപ്പെട്ട ഈ വൃദ്ധനു ഒരു പ്രാർത്ഥനയേയുള്ളു... നാളെ എന്റെയീ ഗതി ഉണ്ണിക്കുട്ടനാൽ എന്റെ മകനും വരരുതേ... ജീവിതം മാറി മറിയുമ്പോൾ സ്വന്തം സുഖത്തിനും സന്തോഷത്തിനുമിടയിൽ അച്ഛൻ ഒരു അധികപ്പറ്റാണെന്നു ഉണ്ണിക്കുട്ടനും തോന്നരുതേ...... വാർദ്ധക്യത്തിന്റെ അവശതയിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഒരു തലമുറയുടെ കണ്ണിയായ് എന്റെ ഉണ്ണിക്കുട്ടനും ഉണ്ടാവരുതേ.... ഞാൻ പൂർണ്ണമായും ഇല്ലാതായി തീർന്നിരിക്കുന്നു... എന്നെ സ്നേഹിച്ച എന്റെ ഉണ്ണിക്കുട്ടന്റെ മധുരശബ്ദം ശ്രവിച്ച ആശ്വാസത്തോടെ ഞാൻ ഈ തടവറയിൽ നിന്നും മോചിക്കപ്പെട്ടിരിക്കുന്നു....

Wednesday, 4 October 2017

ജീവിതമർമ്മരങ്ങൾ


കാലമൊന്നു പിന്തിരിഞ്ഞു നടന്നിരുന്നുവെങ്കിൽ നഷ്ട്ടമാവുമെന്നു ഉറപ്പുള്ളതൊക്കെയും  കണ്ടില്ലെന്നു നടിക്കാമായിരുന്നു... പെറ്റു പെരുകുമെന്നോർത്തു ആകാശം കാണാതെ പുസ്തകത്താളിൽ ഒളിച്ചു വെച്ച കുഞ്ഞു മയിൽപ്പീലികളെ നിലാവിന്റെ   കൈകളിലേക്ക് പറത്തി വിടാമായിരുന്നു... പൂനിലാവിന്റെ ശോഭയിൽ മയിൽപ്പീലികൾ ഒരു സ്വപ്നക്കൂട് കൂട്ടട്ടെ.... ജൂണിലെ മഴ നനഞ്ഞു ക്ലാസ്സിൽ കേറിയപ്പോ അറിയാതെ മഴയേ പ്രാകി.... അപ്പോയും അറിഞ്ഞില്ല മഴ പെയ്തു തോർന്നാലും തീരാത്ത സങ്കടം കൂട്ടിനെത്തുമ്പോൾ കരഞ്ഞും ചിരിച്ചും ഓർമ്മകളെ താലോലിക്കാൻ ആ മഴതുള്ളികൾ കൂടെ  ഉണ്ടാവുമെന്ന്..
 ബാല്യത്തിന്റെ മധുരസ്മൃതികൾ ഇനിയും വന്നു ചേർന്നുവെങ്കിലെന്നു ആശിക്കും... കാറ്റിൽ പറന്ന അപ്പൂപ്പൻതാടിയെ കൈയെത്തി പിടിക്കണം.... നക്ഷത്രങ്ങളെ കണ്ടുകൊണ്ടു മാമുണ്ണുമ്പോൾ അമ്മ കാതിലോതിയ പഴങ്കഥകളിലെ നങ്ങേലിയെയും കുഞ്ഞിനേയും ഓർത്തിരിക്കണം....  കാലമേ നീയെന്നെ തനിയെ വിടൂ... ഞാനിന്നു ഓർമ്മകൾ നശിച്ച തടവറയിലാണ്....അക്ഷരങ്ങളുടെ കൽതടങ്കിൽ  ജീർണ്ണിച്ചവശേഷിക്കുന്നതു വിഫലമായ കുറേ ജീവിതങ്ങളുടെ മിഥ്യമായ അഭിലാഷങ്ങളുടെ  മർമ്മരം മാത്രം..കണ്ടറിഞ്ഞതൊക്കെയും കൈവിട്ടു പോവുമെന്നായിരുന്നുവെങ്കിൽ കാലത്തിന്റെ ഘടികാരം സ്പന്ദിക്കേണ്ടായിരുന്നു.....       

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...