നിന്നെ ഇപ്പോഴും ഇഷ്ട്ടപ്പെടുന്നതിനു കാരണങ്ങൾ ഒന്നും തന്നെയില്ല...
ചില തിരിച്ചറിവുകൾ മാത്രം..
ഞാൻ നിന്നെ കെട്ടിക്കോട്ടെ എന്ന നിന്റെ ചോദ്യത്തിനും മുൻപേ ഉടലെടുത്ത പ്രണയത്തിനു അന്നേ നന്നേ തണുപ്പായിരുന്നു പ്രകൃതം....
പൂർണ്ണമായും ഞാൻ ഞാനല്ലാതെ മാറി തുടങ്ങിയപ്പോയേക്കും ആ തണുപ്പിനോട്
ഭയം തോന്നി തുടങ്ങിയിരുന്നു...
അല്ലെങ്കിലും വിട്ടുകൊടുക്കലുകളോ ചില നഷ്ടപ്പെടലുകളോ ബോധ്യമാവുന്നിടത്തു നമുക്കു ഇങ്ങനെയൊരു പേടി തോന്നും...
കാഴ്ചക്കാർക്കിടയിൽ ഈ പ്രണയമെന്നത് ഒരാവേശമായിരുന്നു..... ഊരുചുറ്റിയായി തഴയപ്പെട്ടവരെയും പ്രണയത്തിന്റെ ചങ്ങലയിൽ മുറുകെ പിടിച്ചു നിർത്തണമെന്ന് അവർക്കു തോന്നി..
എന്തിനു എപ്പോ എങ്ങനെ തോന്നി എന്നതിന് ഇന്നുമൊരുത്തരമില്ല..
എങ്കിലും എന്നിലെ പ്രാർത്ഥനകളിൽ ഞാൻ കാണുന്ന നിറങ്ങളിൽ ഭാവങ്ങളിൽ നീയെന്നുമുണ്ട്....
നീയെനിക്കു വാഗ്ദാനങ്ങൾ നൽകിയിട്ടില്ല.... മറ്റുള്ളവരെക്കാളും നീ മികച്ചതെന്ന് തോന്നിപ്പിക്കാൻ വേണ്ടി മാത്രം ഒന്നും ചെയ്തിട്ടില്ല... നീയെനിക്കു അപ്രതീക്ഷിത സമ്മാനങ്ങളോ പാലിക്കപ്പെടാൻ കഴിയാത്ത വാക്കുകളോ നൽകിയിട്ടില്ല.....
പിടിവാശികളാലും ആചാരവിശ്വാസങ്ങളാലും സ്വയമെരിഞ്ഞു വീർപ്പുമുട്ടാൻ വേണ്ടി മാത്രം ആലേഖനം ചെയ്യപ്പെട്ടൊരു പ്രണയം ഇന്നും നമ്മുടെ കണ്ണുകളിൽ പരസ്പരം കൊരുക്കുന്നുണ്ട്....
കാഴ്ചകൾക്കപ്പുറം സ്വപ്നം കാണാൻ കൊതിയുണ്ടെങ്കിലും പിറകോട്ടു വലിക്കുന്ന ചില വീണ്ടുവിചാരങ്ങളുള്ളതുകൊണ്ട് കയ്യെത്താമായിട്ടും തെന്നിമാറാൻ വെമ്പൽ കൊള്ളുന്നൊരു നിസ്സഹായത നമുക്കിടയിലുണ്ട് ..
അതിനാൽ തന്നെ ഈ പ്രണയമിന്നും, നിനക്കുമെനിക്കുമിടയിൽ മാത്രം പിടയുന്ന നോവായി പടർന്നിരിക്കുന്നു ... ഭ്രാന്തൻ ചിന്തകളിൽ നിന്നുതിർന്ന ലിപികളിൽ തേങ്ങലടക്കി പിടിച്ചൊരു നൊമ്പരമായി.................




