Saturday, 22 September 2018

അക്ഷരങ്ങളുടെ മടക്കയാത്ര

                                 
                                                                          
അക്ഷരങ്ങൾ മൗനമായ് പിന്തിരിഞ്ഞു നടന്നു....
മഴയോർമ്മകൾ താണ്ഡവമാടിയ പ്രളയമായിരുന്നിവിടെ..... 
വിധിയുടെ നേരിന് മുൻപിൽ പകച്ചു പോയെങ്കിലും ഉയിർത്തെഴുന്നേറ്റു.... എങ്കിലും ഇവിടമാകെ മൂകത നിറഞ്ഞിരിക്കുന്ന പോലെ....
വയ്യാ... തിരികെ നടക്കാം..
നോവ് കണ്ടാൽ നെഞ്ച് വിങ്ങുന്ന മനസ്സായതു കൊണ്ടാവാം അക്ഷരങ്ങൾക്കൊരു മറുചിന്ത.... ഉറ്റവർക്കും ഉടയവർക്കും വേണ്ടി മനമുരുകിയൊന്നു പ്രാർത്ഥിക്കണം.... പള്ളി ലക്ഷ്യമാക്കി നടന്നു....
അവിടമാകെ ദുരൂഹത... വിശുദ്ധിയുടെ പ്രതീകമായ അച്ഛന്റെ ളോഹയിൽ പുരണ്ടിരിക്കുന്നത് ചുടുചോര ആണത്രേ.... 
എത്രയോ മാലാഖമാർ അവസ്സാനമായൊരു കുമ്പസാരത്തിനു പോലും കാക്കാതെ അന്ത്യനിദ്രയിലമർന്നിരിക്കുന്നു..... തളർന്ന മനസ്സുമായി ക്രിസ്തുവിന്റെ മുഖത്തേക്കൊന്നു നോക്കി.....
തല കുമ്പിട്ടു കണ്ണീർ ധാരകൾ ഒഴുകുന്ന പോലെ....

അക്ഷരങ്ങൾ അവിടുന്നും ഇറങ്ങി നടന്നു.... 
വീണ്ടുമൊരാളനക്കം...
മതവികാരം നെഞ്ചിൽ തറച്ച കാട്ടാളൻമ്മാരവിടെ തളിർത്തു നാമ്പിട്ടൊരു കുഞ്ഞു പ്രണയത്തിന്റെ കഴുത്തറക്കുകയായിരുന്നു...
ഇറ്റു വീണ ചോരത്തുള്ളികൾ പോലും നമ്മളൊന്നാണെന്നു പറയാതെ പറയുന്നുവെങ്കിലും 
ആരുമത് കേട്ടില്ല....

കരളു പകുത്തു പോകും വേദനയിൽ അക്ഷരങ്ങൾ വീണ്ടും ഇറങ്ങി നടന്നു....
ഇനി കാടു കയറാം.... നാട്ടിൻപുറങ്ങളിൽ രക്തത്തിന്റെ ഗന്ധമാണ്.....
ഇനി കാടു കയറാം...... 
ഒരു കരച്ചിലല്ലേ  കേൾക്കുന്നത്.... വിശപ്പിന്റെ നിലവിളിയല്ലേ.... 
കാഴ്ച മങ്ങുന്ന വിശപ്പിന്റെ തോതളക്കാൻ അറിയാത്ത നികൃഷ്ട ജീവികൾ ഒരു ജീവനെ തച്ചു കൊന്നിരിക്കുന്നു.....

എതിർത്തു പറയാൻ മറുവാക്കുതിർന്ന ഒരു മനുഷ്യജീവി പോലുമവിടില്ല...... 
മഷിത്തുള്ളിയാൽ മാത്രം ആയുസ്സ് പകരുന്ന  
അക്ഷരങ്ങളിവിടെ എന്തു ചെയ്യാൻ........ 
കുറ്റബോധം നിഴലിച്ച വീഥിയിലൂടെ ശ്വാസമടക്കി പിടിച്ചു അക്ഷരങ്ങൾ വീണ്ടും നടന്നു... 

മുൻപെങ്ങോ പകർന്നാടിയ മഷിയോർമ്മകളിലെ വീര്യം സിരകളിൽ പടർത്തി......

No comments:

Post a Comment

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...