ഞാൻ മർത്യൻ ...
നിങ്ങളാൽ കുറ്റവാളിയുടെ പൊയ്മുഖം ആലേഖനം ചെയ്യപ്പെട്ടവൻ...
അരവയർ നിറയ്ക്കാനായ് അന്നം തേടിയലഞ്ഞ ഒരു മനുഷ്യജൻമ്മം.
അതിനു നിങ്ങൾ നൽകിയ ശിക്ഷയോ
മരണം......
തീനാളങ്ങൾ വിഴുങ്ങിയ വിശപ്പെന്ന
പ്രതിയോഗിക്കു മുൻപിൽ, മർത്യനായ്
പിറന്ന കാട്ടാളൻമ്മാരുടെ ചവിട്ടേറ്റ്
ഇഹലോകവാസം വെടിഞ്ഞവൻ...
കാടിന്റെ ഇരുൾവഴികളിലൂടെ
ഭയം തെല്ലുമില്ലാതെ
ഞാൻ നടന്ന
കാൽപ്പാടുകളിനിയും മാഞ്ഞു പോയിട്ടില്ല....
അങ്ങു ദൂരെ, രാക്കിളിയുടെ നേർത്ത
കണ്ഠനാദം പോലുമെന്റെ -
വയറെരിയുന്ന നൊമ്പരത്തിനാശ്വാസമായ്....
വിശക്കുന്ന വയറിന്റെ നിലവിളി ശബ്ദം
ഞാൻ മാത്രമറിഞ്ഞു....
അത്രമേൽ വിശന്നു കരഞ്ഞ ദിനരാത്രങ്ങൾ കടന്നു പോയിട്ടുണ്ട്..
തളർന്നിരുന്നു ഞാൻ, ഒട്ടിയ വയറും
നെഞ്ചുന്തി കുഴിഞ്ഞ കൺതടങ്ങളും
വിശപ്പിന്റെ സമ്മാനങ്ങളായിരുന്നു.
കാടും കാടിൻ നൻമ്മയുമായിരുന്നെന്റെ
സ്വർഗം....
മനുഷ്യമൃഗങ്ങൾ വസിക്കുന്നിടം നരകവും..
ആ നേരിന്റെ പൊരുളറിയാൻ
വൈകിയതാണെന്റെ തെറ്റ്....
കൂർത്തമുനയുള്ള വിഷപ്പല്ലുകൾ കൊണ്ടെന്റെ നെഞ്ചം പിളർന്നു നിങ്ങൾ...
ഉടുവസ്ത്രമുരിഞ്ഞെന്റെ കൈകൾ
വരിഞ്ഞു കെട്ടി മുറുക്കി...
ഞാൻ നിസ്സഹായനായിരുന്നു.
എന്നിട്ടുമെന്റെ കാഴ്ചക്കിപ്പുറം
നിന്നു സെൽഫിയെടുത്തു രസിച്ചു.
ഒട്ടിയ വയറിന്റെ വൻകുടലിലേക്കൊരിത്തിരി
വെള്ളത്തിനായി ഞാൻ കെഞ്ചി....
ക്രൂരമായെന്നെ നോക്കിയ
നിങ്ങളുടെ കണ്ണുകളിൽ
അത്രയും
പരിഹാസമായിരുന്നോ അതോ നിങ്ങളാണ് വലിയവനെന്ന തോന്നലോ......
നീതി നിഷേധിക്കപ്പെട്ടവന്, ഒരു
പുനർചിന്തനത്തിനുതിരാത്ത കാലഹരണപ്പെട്ട നിയമപുസ്തകത്തിലെ മഷിപ്പാടുകളോട് വെറും പുച്ഛം മാത്രം.....
ഒന്നു നിങ്ങളോർക്കുക, ദൈവത്തിന്റെ
കുമ്പസാരക്കൂട്ടിൽ
എനിക്കു മുന്നേ തല കുമ്പിട്ടു
കൈകൾ കൂപ്പി
നിങ്ങൾ നിൽക്കും......
അവിടെ കനല് പൂക്കുന്നിടം എന്റെ നെഞ്ചകം......
നൊന്തു വെണ്ണീറാവും എന്റെ ശാപം പേറിയ ഭാണ്ഡം ചുമക്കുമ്പോൾ......