Friday, 30 November 2018

ഡിസംബർ ഒരോർമ്മ....

ഒരു ഡിസംബർ കൂടി വീണ്ടും ഒരോർമ്മ പെടുത്തൽ പോലെ നമുക്കിടയിലേക്കു കടന്നു വരുന്നു ........
പിന്തിരിഞ്ഞു നോക്കുമ്പോൾ നേടിയതിനെക്കാളേറെ നഷ്ട്ടങ്ങൾ മാത്രം.......
കൂടെയുണ്ടാവുമെന്നു പറഞ്ഞു കൈ ചേർത്ത് പിടിച്ച
സൗഹൃദങ്ങളും ,അർത്ഥ ശൂന്ന്യമായ ചിന്തകളാൽ സ്വയമൊരുക്കിയ സ്വപ്നങ്ങളും ഒരു നൂൽ പാലത്തിനു അപ്പുറം നിന്ന് വെറുതെ ഗോഷ്ട്ടി കാണിക്കുന്നു.......
ഒരു പക്ഷെ നിമിഷങ്ങള്  ഓരോന്നും ഇന്നലകളായി കലണ്ടർ താളുകളിൽ മറയുബോഴും  ഈ ഡിസംബറിന്റെ തണുപ്പുള്ള പ്രഭാതങ്ങളിൽ ഇറ്റിറ്റു വീഴുന്ന മഞ്ഞു തുള്ളികൾക്കും   പറയാനുണ്ടാവും എഴുതി
 പൂർത്തിയാക്കാതെ   പോയ സൗഹൃദത്തിന്റെ , ഉറക്കം ഉണർന്നപ്പോയേക്കും കൈ വിട്ടു പോയ ചില സ്വപ്നങ്ങളുടെ കഥ............. 

Saturday, 24 November 2018

പ്രണയം


ജീവിതത്തിന്റെ മാറാപ്പിലിന്നും നിസ്സഹായതയുടെ നെടുവീർപ്പിനാൽ ഉള്ളുരുകുവോളം നൊമ്പരമായി തീർന്നിരിക്കുന്നു നിന്നോടുള്ള എന്റെ പ്രണയം.... വാക പൂത്ത വഴിയിലൂടെ നീയെന്ന സ്വപ്നത്തെ കണ്ണുനീരിൽ
അറിഞ്ഞു ഞാൻ ഇന്നേകയായി ....
അതിരുകളില്ലാതെ ഈ ഭൂവിൽ ക്ലാവ് പിടിച്ചൊടുങ്ങിയത് എന്റെ സ്വപ്നം മാത്രം...... ജനലഴികളിൽ മുഖം ചേർത്തു വിധിയുടെ നേരറിയാൻ കാത്തു നിൽക്കാതെ, മടിക്കാതെ നീ കടന്നു വരിക.... 
നിനക്കായ്‌ കരുതിയ ആ ഈരടികളും സ്നേഹാക്ഷരങ്ങളും ഇന്നും തനിച്ചാണ്... 
വാതിൽ ചാരി നിക്കാതെ ഓർമ്മകളായി നീ പെയ്തു തീരൂ...... 

Friday, 23 November 2018

യാത്ര

ഇനിയും എത്ര കാലം ബാക്കിയുണ്ടാവുമെന്നു ആർക്കറിയാം..... കണ്ടറിയാൻ കൊതിച്ചതത്രയും കണ്ണകലത്തിനും ദൂരം തന്നെ.... ഇഷ്ട്ടപെട്ട സ്ഥലങ്ങൾ ആളുകൾ ഇവയൊക്കെയും ഇന്നും ആഗ്രഹങ്ങളുടെ ആവശ്യ പട്ടികയിൽ അങ്ങിങ്ങായി ചിതലരിച്ചു കിടക്കുന്നു... ഇടയ്ക്കൊക്കെ ഒന്നു ചിക്കി ചിതറി നോക്കാറുണ്ട്..... ഏയ്‌ ഇല്ല പൊടി  പിടിച്ചാലും ചിതലരിച്ചാലും ആ ആഗ്രഹങ്ങളൊക്കെയും ഇപ്പോയും പ്രതീക്ഷയോടെ തന്നെ ഇരിപ്പുണ്ട്.... ചെലപ്പോ അവയ്ക്ക് എന്നോട് പരിഭവം തോന്നാറുണ്ടാവാം.... എത്ര കാലമായി ഞാൻ പറഞ്ഞു പറ്റിക്കുന്നു... ആഗ്രഹങ്ങളും മുറുകെ പിടിച്ചിരുന്നിട്ട് എന്താ.... ഒരു ദിവസം ഒരു പോക്കങ്ങു പോവണം...    കാണണമെന്ന്  കൊതിച്ച  വഴിത്താരകളിലൂടെ ,കണ്ടുമുട്ടുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കണമെന്നു കരുതുന്ന പ്രിയപ്പെട്ടവരെ അറിയാനും പറയാൻ ബാക്കിവെച്ച ചില സ്വകാര്യങ്ങൾ പറഞ്ഞു തീർക്കാനും.....
 ഒരു യാത്ര..... അതിന്നും മനസ്സിനെ കോരിത്തരിപ്പിക്കുന്ന അനുഭൂതിയാണ്.... ദൈവം നമുക്കായി കാത്തു വച്ചതൊക്കെയും കണ്ടറിഞ്ഞില്ലെങ്കിൽ പിന്നെയങ്ങു ചെല്ലുമ്പോൾ പുള്ളി ചോദിക്കില്ലേ...
 അതുകൊണ്ട് ഒരു യാത്ര പോവണം.... അല്ല ഈ യാത്രാന്ന് പറയുമ്പോൾ വിചാരിക്കും ലൈഫ് enjoy ചെയ്യാനുള്ള കാര്യാ പറയുന്നേയെന്നു.... അങ്ങനെ ഒതുക്കി പറയാൻ പറ്റില്ല... പലപ്പോഴായി പല സാഹചര്യങ്ങളിൽ കണ്ടറിഞ്ഞ ചില ജീവിതങ്ങളുണ്ട് മുൻപിൽ..നിസ്സഹായതയുടെ ബാക്കിപത്രങ്ങൾ...ദൈവത്തിന്റെ ചില വികൃതികൾ..  അവർക്കിടയിലേക്ക് കടന്നു ചെല്ലണം.... ഒരുപാട് സ്നേഹം കൊടുക്കണം... കൈകൾ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കണം...
 ജീവിത യാത്രയിലെ ചില മർമ്മരങ്ങളിൽ ഇങ്ങനെയും കുറച്ചു സ്വപ്നങ്ങളുണ്ട്.... എല്ലാത്തിന്റെയും അവസാനങ്ങൾക്കും ഇപ്പുറം ചെയ്തു തീർക്കാനായി ഒത്തിരിയുണ്ട്.... കണ്ട്‌ തീർക്കാൻ അതിലേറെയും.....  

Wednesday, 21 November 2018

ചില നൊമ്പരങ്ങൾ

ജീവിതത്തിനും സ്വപ്നത്തിനുമിടയിൽ ഒരു നൂൽപ്പാലം തീർക്കുകയാണ് ഞാൻ.. കാരണം, സ്വപ്നങ്ങൾക്കു ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്... നമ്മുടെ ജീവിതം മുന്നോട്ടു പോവുന്നത് തന്നെ ചില സ്വപ്നങ്ങളിലൂടെയാണ്.... അതിനു തന്നെ എന്നെന്നേക്കുമായി നമ്മെ ഇല്ലാതാക്കാനുള്ള ശക്തിയുമുണ്ട്... ശെരിക്കും പറഞ്ഞാൽ ജീവിതം തന്നെ ഒരു വലിയ സ്വപ്നമാണ്.... ഉണർന്നു കഴിഞ്ഞാൽ അവസാനിക്കുന്ന അത്രയും ആഴമേ ആ സ്വപ്നത്തിനുള്ളൂ... യാഥാർഥ്യവും സ്വപ്നവും നിറഞ്ഞ ഈ ജീവിത യാത്രയിൽ അവസാനം എല്ലാ സ്വപ്നങ്ങളും ബാക്കി വെച്ചു നാം യാത്ര പറയേണ്ടിയിരിക്കുന്നു.... ഒരുപക്ഷേ കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത നൊമ്പരമായി ആ സ്വപ്നം അവസാനിക്കും.... ചിലപ്പോൾ തോന്നീട്ടുണ്ട് ഈ സ്വപ്നങ്ങളൊക്കെയും റെക്കോർഡ്‌ ചെയ്തിട്ട് വീണ്ടും കാണാൻ കഴിഞ്ഞെങ്കിലെന്നു....... എവിടെ നിന്നോ തുടങ്ങി എവിടെയോ അവസാനിക്കുമ്പോഴും മനസ്സിൽ വിങ്ങലായിരിക്കും... ഉറക്കത്തിലെപ്പോയോ ഞെട്ടിയുണർന്നു ആ സ്വപ്നം നഷ്ടമായെന്നു വിശ്വസിക്കാൻ പ്രയാസപ്പെടും.. പ്രിയപ്പെട്ടവരുടെ കണ്ണുകളിൽ മാത്രം പാതി മറഞ്ഞ ആ സ്വപ്നത്തിന്റെ ഓർമയ്ക്ക് ഒരിറ്റു കണ്ണുനീർ തുള്ളി ബാക്കിയാവും..... .........

Monday, 19 November 2018

സ്വാമിയേ ശരണമയ്യപ്പാ



ശരണം വിളികൾ നമ്മുടെ മനസ്സിനുള്ളിൽ നിന്നും വരുന്ന ഒരു ജപമന്ത്രമല്ലേ....
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ മലയ്ക്ക് പോയിട്ടുണ്ട്...
മാലയിട്ടു വ്രതം നോറ്റ ശേഷം അമ്പലങ്ങളിൽ അച്ഛന്റെ കൂടെ ഭജനയ്ക്ക് പോയിട്ടുണ്ട്..... 
കുറേ ഭക്തിഗാനങ്ങൾ അന്ന് കാണാതെ പഠിച്ചു.... 
ഹരിവരാസനം ഒക്കെ കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ നിന്ന് വല്ലാത്തൊരു ആന്തലാണ്.....
ശരണം വിളികളിൽ അറിയാം ഹൃദയം തൊട്ടു വരുന്ന വാക്കുകൾ മാത്രമല്ല അതെന്ന്......
അയ്യപ്പനെ പാലഭിഷേകം ചെയ്യുന്നത് ആൾക്കൂട്ടത്തിനിടയിൽ നിന്നും അച്ഛൻ പൊക്കിയെടുത്താ കാണിച്ചു തന്നെ.... സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അറിയില്ല കണ്ണ് നിറയും ഓർക്കുമ്പോ...... 
ആ നിമിഷം ഇപ്പോഴും കൺമുൻപിലുണ്ട്.... 
ശരണംവിളികൾ അലയടിച്ചുയർന്നതു ഓരോ മനസ്സുകളിലുമായിരുന്നു..... ഇന്നും കേൾക്കാം... ന്യൂസ് ചാനലുകളിൽ.... ആരാണ്ടെയോക്കെയോ പോലീസ് അറസ്റ്റ് ചെയ്യുമ്പോ ഭക്തരെന്ന് പറയുന്നവർ ഇപ്പുറത്തൂന്നു ശരണം വിളിക്കും, ആളുകൾ പരസ്പരം കല്ലെറിയുന്നു ഇപ്പുറം നിന്ന് ശരണം വിളിക്കുന്നു, അസഭ്യം പറയുന്നു ഇപ്പുറത്തൂന്നു ശരണം വിളിക്കുന്നു... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ പലരുടെയും പ്രതിഷേധങ്ങൾക്കു മൂർച്ച കൂട്ടാനുള്ള ആയുധമായി ഉച്ചരിച്ചു കൊണ്ടിരിക്കുന്നു ഈ ജപമന്ത്രം..... സ്വാമിയേ ശരണമയ്യപ്പാ......
ഒരു തെറ്റും ചെയ്യാത്ത അയ്യപ്പനെ ക്രൂശിക്കാൻ കുറേ ഭക്തൻമാർ.... അങ്ങനാ ഇപ്പൊ തോന്നുന്നേ..... വിശ്വാസങ്ങളെ പിടിവാശികളുടെ കൈവിലങ്ങുകൾക്കിടയിൽ നിന്നും മാറ്റത്തിന്റെ പാതയിലേക്ക് സ്വാതന്ത്രമാക്കുന്നവർക്കൊപ്പം..........

Tuesday, 13 November 2018

ശിശുദിനാശംസ്സകൾ

മഴവില്ലിനഴകോലും നിറമാർന്ന ബാല്ല്യമേ നിൻ നെറുകയിൽ ഞാനൊന്നു ചുംബിച്ചോട്ടെ.... 
മറുവാക്ക് കൊണ്ടെന്നെ നിൻ അധരത്തിന് മാധുര്യം ഹൃദയത്തിൽ മെല്ലെ തലോടവേ ...
ഒരു തിരിച്ചു വരവിന്നാലസ്യം അറിഞ്ഞിന്നെൻ ബാല്യത്തിൻ ഓർമ്മകൾ കിതയ്ക്കവേ.... 
തിരികെ വരാൻ കൊതിക്കുമെൻ നെഞ്ചകം നിന്നിലാർദ്ര സംഗീതമായ് ലയിക്കുന്നു..
തിരികെ വരുമെന്നാശിച്ചു, നിമിനേരമെങ്കിലും ഒരു തിരിച്ചുപോക്കിനായി ഉള്ളം കൊതിക്കുന്നു.... 
അനുഭവിച്ചറിഞ്ഞ ബാല്യത്തിനോർമ്മകൾ ഇന്നുമോർക്കുന്നു ഞാൻ ഒരു തംബുരു മീട്ടും ശ്രുതിപോലെ..

നിലാവ് പെയ്യുന്ന രാത്രികളിൽ തിരികെ വരണമെനിക്കിന്നെൻ ഓർമ്മകൾക്ക്  പദയാത്രികയായി.. 
മയിൽപ്പീലി പുസ്തകത്താളിലൊളിപ്പിച്ചു കുന്നിക്കുരുമണികളാൽ ഊടും പാവും തുന്നിചേർത്തൊരെൻ ബാല്യത്തിലേക്കൊന്നു കൂടി തിരികെ പോവണം....
എനിക്കായ് കുറുകുന്ന അമ്പലപ്രാവുകളും എനിക്കായ് നിലാവ് പരത്തുന്ന പൂർണേന്ദുവും ഇടക്കെങ്ങോ വന്നു തഴുകി കടന്നു പോയൊരാ കാറ്റിൻ കിന്നാരവും
എന്നിൽ വന്നലിഞ്ഞു ചേരുമെന്നാശിച്ചു ഞാൻ വീണ്ടും തിരിച്ചു വരുമിന്നീ സ്വപ്നഭൂവിൽ.....
തിരികെ നേടാനായി ആശിച്ച പലതുമിന്നെന്നെ നോക്കി സ്വകാര്യം പറയുന്നു....
ജീവിതമെന്നുമൊരു തിരിച്ചുവരവാണ്.. ഒന്നിൽ തുടങ്ങി മറ്റൊന്നിലാവസാനിക്കും മുൻപേ അറിയേണ്ടതൊക്കെയും കണ്മുൻപിൽ തെളിയണം.... മൊഴിയേണ്ടതൊക്കെയും മിഴിയോരം നിറയണം...
കൈക്കുടന്നയിലൊത്തിരി സ്നേഹം ചൊരിയേണം....
തിരിച്ചുവരവിന്നാലസ്യം അങ്ങനെ മാഞ്ഞു പോയീടണം...
തിരികെ വരണമെനിക്കിന്നെൻ നഷ്ട്ട സ്വപ്നങ്ങളേ ചേർത്തണച്ചു താരാട്ട് പാട്ടിനായി കാതോർത്തു അമ്മതൻ അമ്മിഞ്ഞപ്പാൽ നുണഞ്ഞുകൊണ്ടൊരു സ്വപ്നലോകത്തേക്ക് .....

Monday, 12 November 2018

പ്രണയവീചികൾ

സൗഹൃദത്തിന് വേണ്ടി മനസ്സിൽ താലോലിച്ചു ഓർമ്മകളിൽ ചുംബിച്ചു വളർത്തിയ പ്രണയത്തെ ജീവനോടെ കുഴിച്ചു മൂടിയിട്ടുണ്ടോ... സ്വന്തം ആക്കണമെന്ന് ആഗ്രഹിച്ചു കിനാവിൽ എന്നും തൊട്ടു തലോടിയ ആ സുഖമുള്ള നൊമ്പരത്തെ തുറന്നു പറയാനാവാതെ ഒരു നെരിപ്പോടായി ഉള്ളിൽ ഒളിപ്പിച്ചു വെക്കേണ്ടി വന്നിട്ടുണ്ടോ... അവന്റെയോ അവളുടെയോ കൈ ചേർത്ത് പിടിച്ചു ആ കണ്ണുകളിൽ നോക്കി നീ എന്റേത് മാത്രമാണെന്ന് പറയാൻ കൊതിച്ച നിമിഷങ്ങൾ വിഫലമായി അവശേഷിച്ചുവോ....അക്ഷരങ്ങളിൽ തീർത്ത സ്വപ്നസൗധങ്ങൾ കടലാസ്സു താളിലെ വെറുമൊരു മഷിയോർമ്മകളായി തീർന്നുവോ.... നീ ആഗ്രഹിച്ചതും സ്വന്തമായി തീരണമെന്നു കൊതിച്ചതും ഇന്നു വെറുമൊരു നഷ്ടസ്വപ്നമായി നിന്നിൽ ഓർമ്മപ്പെടുത്തലായി തീർന്നുവോ.... നീ.... നീ മാത്രമായി ഇപ്പോഴും ആ പ്രണയത്തെ പ്രണയിച്ചു കൊണ്ടിരിക്കുന്നുവോ.... എങ്കിൽ പവിത്രമായ നിന്റെ സ്നേഹത്തിനു മുൻപിൽ ആ സൗഹൃദത്തിന്റെ മൂടുപടം  പോലും തോറ്റു പോവും.....ഹൃദയത്തെ തൊട്ടറിഞ്ഞ നിന്റെ പ്രണയത്തിനു ദൈവീകമായ അനുഗ്രഹങ്ങൾ വന്നു ചേരും.... 

Saturday, 10 November 2018

പഴമയുടെ സുഗന്ധം

സാധാരണ അടുക്കളയിൽ കയറി പരിചയം ഇല്ലാത്തതാണ്.... ഉണ്ണാൻ വേണ്ടി മാത്രേ ആ പരിസരത്തോട്ടു പോവാറുള്ളു എന്നത് ഇന്നും അമ്മയ്ക്കും എനിക്കുമിടയിലെ ഒരു സത്യകഥ... എന്തോ ഈ ഫോട്ടോ കണ്ടപ്പോൾ നൊസ്റ്റു വീണ്ടും ശടപടേന്ന് ഇങ്ങു പോന്നു... പണ്ട് ഞങ്ങൾ പിള്ളേർ സെറ്റ് വെണ്ണ  അടിച്ചു മാറ്റാതിരിക്കാൻ അപ്പൂന്റമ്മ ഒക്കെയെടുത്തു  ഉറിയിൽ കെട്ടിപൂട്ടി  വെക്കും... എത്തിപ്പിടിക്കാൻ ലേശം ബുദ്ധിമുട്ടാ....എന്നാലും അതു കഷ്ട്ടപെട്ടു അടിച്ചു മാറ്റി കഴിച്ചാലേ ഒരു തൃപ്തി ഉണ്ടാവൂ....  ശേഷം പിന്നേ ചിരട്ട തവികൊണ്ടുള്ള അടി മൂത്തേടെ കയ്യിൽ നിന്നു കിട്ടിയതിനു കയ്യും കണക്കൂല്ല്യ.... അതൊക്കെ ഒരു രസം.... കരി ചായം പോലെ തേച്ചു പിടിച്ച അടുക്കള ചുമരുകൾക്കിടയിൽ എപ്പോഴും എന്തേലും ജോലി ചെയ്തോണ്ടിരിക്കുന്ന മേമയെ മാത്രേ കണ്ടിട്ടുള്ളു... ഉപ്പിലിട്ട മാങ്ങയും നെല്ലിക്കേം എല്ലാം മേമ്മേടെ കസ്റ്റഡിയിലാണ്... ദിവസം തോറും മാങ്ങേടേം നെല്ലിക്കേടേം എണ്ണം കുറഞ്ഞാലും പുള്ളിക്കാരി നമ്മളെ ഒറ്റി കൊടുക്കൂലാ എന്നൊരു ധൈര്യം ഉണ്ടായിരുന്നു എന്നും.... ജാനു ചേച്ചി കൊണ്ടു തരുന്ന പച്ചക്കറികൾ എല്ലാ വീട്ടിലും ഉണ്ടാവും... അവരുടെ തൊടിയിൽ തന്നെ നട്ടു നനച്ചു ഉണ്ടാക്കുന്നതിന്റെ ടേസ്റ്റ് ഇപ്പോഴും നാവിൻ തുമ്പിലുണ്ട്... ഈ പിക് ആരുടെ ആണെന്നൊന്നും അറിയില്ല....എന്നാലും  കുറച്ചു നേരത്തേക്ക് ആ പഴയ നാളുകളിലേക്ക് മനസൊന്നു കൊണ്ടു പോയി..... പുതുമകളിലും പഴമ ഇഷ്ടപ്പെടാൻ ആണെന്നുമിഷ്ടം...... 

Tuesday, 6 November 2018

സ്വപ്നമാം ജീവിതം


നീയും ഞാനുമെന്നത് ഇന്നൊരു 
നനുത്ത സ്വപ്നമായ് തീർന്നിരിക്കുന്നു. 
പ്രണയത്തിന്റെ സീൽക്കാരഭാവങ്ങളിൽ 
മൽഹാറിലെ മണി മുഴങ്ങുന്നതും കാത്തു 
പ്രതിധ്വനിയുടെ ശബ്ദ വീചികളിൽ 
ഹൃദയത്തിന്റെ തേങ്ങലുകൾ ശ്രവിച്ച 
മന്ദാകിനിയുടെ ഉള്ളിലെ നഷ്ട്ട സ്വപ്നം പോൽ 
വിറപൂണ്ടു നിൽപ്പൂ ഈ പ്രണയം... 
യാത്രയെ സ്നേഹിച്ച സ്വപ്നസഞ്ചാരിയുടെ 
നിസ്വർത്ഥമായൊരീ രാത്രി പാലായനത്തിന്റ 
കാലാടിപ്പാതകൾ പോലെ, 
പ്രണയവർണ്ണങ്ങളാൽ ചായം തേച്ച 
ചുമരുകളിലെങ്ങോ നിർജീവമായി 
തൂങ്ങിയാടുന്ന ചുമർചിത്രമായ്, 
നഷ്ടസ്വപ്നങ്ങളുടെ കണക്കെടുപ്പിൽ 
എങ്ങുമെത്താതെ പോയൊരീ ഊരുചുറ്റിയുടെ പ്രണയം..... 
ധനുമാസക്കുളിരിൽ പുതച്ചുറങ്ങുന്ന ഓർമ്മകളാൽ 
തണുപ്പുള്ള പ്രഭാതങ്ങളിൽ ഇറ്റിറ്റു വീഴുന്ന 
മഞ്ഞുതുള്ളിയുടെ ചുംബനത്തിനു പോലും 
പറയാനുണ്ടാവാം 
അപൂർണ്ണമായൊരീ സ്വപ്നത്തിന്റെ 
അവശേഷിച്ച ചില ഏടുകളെക്കുറിച്ചു... 
പാടിപ്പതിഞ്ഞ വരികളിലെ അർത്ഥശൂന്യമായ 
ഈരടികളാൽ ഓർമ്മയിലുറങ്ങുന്ന നിന്റെ നിശ്വാസം 
എന്നോടെന്തോ മന്ത്രിക്കുന്ന പോലെ... 
വിഫലമായ ജീവിതത്തിന്റെ മർമ്മരമാവാം... 
അല്ലെങ്കിൽ ഒരുപക്ഷെ 
ആവർത്തനമില്ലാതെ പോയ
ജീവിതത്തിന്റ നിഴൽനാടകമാവാം... 
എല്ലാമിന്നു വെറും നൈമിഷികമായ് തീർന്നിരിക്കുന്നു... 
ചെറുനൂലിഴകളാൽ ഊടും പാവും തുന്നിച്ചേർത്ത 
ഈ ജീവിതസ്വപ്നം...
വിരഹത്തിന്റെ നേർത്ത വിരലുകളാൽ മീട്ടിയ 
സ്വപ്നവിപഞ്ചിക... എങ്കിലും, 
ഇനിയൊരു സ്വപ്നത്തിൽ 
നമുക്ക് വീണ്ടും കണ്ടുമുട്ടണം...
ഒരിക്കൽക്കൂടി ആൾക്കൂട്ടത്തിനിടയിൽ 
പരസ്പരം കൊരുക്കുന്ന നമ്മുടെ കണ്ണുകൾ 
തമ്മിൽ അന്നും സ്വകാര്യം പറയണം.. 
കാണണമെന്നു കൊതിച്ച വഴിത്താരകളിൽ കൂടി 
കൈചേർത്തു നടക്കണം... 
നിന്റെ നെഞ്ചോരം ചേർന്ന് 
കവിളിലൊരു മുത്തം നൽകണം... 
തേടി വന്ന നഷ്ട്ടങ്ങളൊക്കെയും 
വന്നു ചേർന്ന സ്വപ്നമായ് തീർക്കണം..
സ്വപ്നങ്ങളെ സ്നേഹിച്ചു ജീവിതം 
സ്വപ്നത്തേക്കാൾ മനോഹരമെന്നു 
പറയാതെ പറയണം..

Saturday, 3 November 2018

നഷ്ട്ടങ്ങളാണ് ചില ഇഷ്ട്ടങ്ങൾ

എന്നാൽ കഴിയും വരെ ഞാൻ ശ്രമിക്കും... അവസാനം വരെ.... എന്നിട്ടും നേടാൻ കഴിയാതെ പോവുന്ന നഷ്ടമാണ് നീയെങ്കിൽ തിരിച്ചു നൽകാനുള്ളത് നിസ്സഹായതയുടെ ഒരു നേർത്ത പുഞ്ചിരി മാത്രമാവും....
 നഷ്ടസ്വപ്നങ്ങളെ ചേർത്തണച്ചു ഒരു മഴവില്ല്   തീർക്കണം... മഴ പെയ്ത് ഒഴിഞ്ഞ ആകാശത്ത് എനിക്ക് കാണാനായി ഞാൻ അതിൽ നിന്റെ പേരെഴുതി വയ്ക്കും...
 കൈപ്പിടിയിൽ വന്നു ചേർന്നതിനേക്കാളും മനോഹരം അറിഞ്ഞു കൊണ്ട് നഷ്ട്ടപ്പെടുത്തിയതിനാണത്രെ...... 

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...