മഴവില്ലിനഴകോലും നിറമാർന്ന ബാല്ല്യമേ നിൻ നെറുകയിൽ ഞാനൊന്നു ചുംബിച്ചോട്ടെ....
മറുവാക്ക് കൊണ്ടെന്നെ നിൻ അധരത്തിന് മാധുര്യം ഹൃദയത്തിൽ മെല്ലെ തലോടവേ ...
ഒരു തിരിച്ചു വരവിന്നാലസ്യം അറിഞ്ഞിന്നെൻ ബാല്യത്തിൻ ഓർമ്മകൾ കിതയ്ക്കവേ....
തിരികെ വരാൻ കൊതിക്കുമെൻ നെഞ്ചകം നിന്നിലാർദ്ര സംഗീതമായ് ലയിക്കുന്നു..
തിരികെ വരുമെന്നാശിച്ചു, നിമിനേരമെങ്കിലും ഒരു തിരിച്ചുപോക്കിനായി ഉള്ളം കൊതിക്കുന്നു....
അനുഭവിച്ചറിഞ്ഞ ബാല്യത്തിനോർമ്മകൾ ഇന്നുമോർക്കുന്നു ഞാൻ ഒരു തംബുരു മീട്ടും ശ്രുതിപോലെ..
നിലാവ് പെയ്യുന്ന രാത്രികളിൽ തിരികെ വരണമെനിക്കിന്നെൻ ഓർമ്മകൾക്ക് പദയാത്രികയായി..
മയിൽപ്പീലി പുസ്തകത്താളിലൊളിപ്പിച്ചു കുന്നിക്കുരുമണികളാൽ ഊടും പാവും തുന്നിചേർത്തൊരെൻ ബാല്യത്തിലേക്കൊന്നു കൂടി തിരികെ പോവണം....
എനിക്കായ് കുറുകുന്ന അമ്പലപ്രാവുകളും എനിക്കായ് നിലാവ് പരത്തുന്ന പൂർണേന്ദുവും ഇടക്കെങ്ങോ വന്നു തഴുകി കടന്നു പോയൊരാ കാറ്റിൻ കിന്നാരവും
എന്നിൽ വന്നലിഞ്ഞു ചേരുമെന്നാശിച്ചു ഞാൻ വീണ്ടും തിരിച്ചു വരുമിന്നീ സ്വപ്നഭൂവിൽ.....
തിരികെ നേടാനായി ആശിച്ച പലതുമിന്നെന്നെ നോക്കി സ്വകാര്യം പറയുന്നു....
ജീവിതമെന്നുമൊരു തിരിച്ചുവരവാണ്.. ഒന്നിൽ തുടങ്ങി മറ്റൊന്നിലാവസാനിക്കും മുൻപേ അറിയേണ്ടതൊക്കെയും കണ്മുൻപിൽ തെളിയണം.... മൊഴിയേണ്ടതൊക്കെയും മിഴിയോരം നിറയണം...
കൈക്കുടന്നയിലൊത്തിരി സ്നേഹം ചൊരിയേണം....
തിരിച്ചുവരവിന്നാലസ്യം അങ്ങനെ മാഞ്ഞു പോയീടണം...
തിരികെ വരണമെനിക്കിന്നെൻ നഷ്ട്ട സ്വപ്നങ്ങളേ ചേർത്തണച്ചു താരാട്ട് പാട്ടിനായി കാതോർത്തു അമ്മതൻ അമ്മിഞ്ഞപ്പാൽ നുണഞ്ഞുകൊണ്ടൊരു സ്വപ്നലോകത്തേക്ക് .....

No comments:
Post a Comment