Wednesday, 31 October 2018

നൊസ്റ്റാൾജിയ


ഈ നൊസ്റ്റാൾജിയ എന്നു പറയുന്ന സംഭവം ഒരു വല്ലാത്ത പഹയനാ .... ഇടയ്ക്ക് ഓർക്കുമ്പോൾ നെഞ്ചിലൊരു പെടപ്പാ...
നമ്മുടെ ലൈഫ് ഇങ്ങനെ തോന്നിയ പോലെ ബെല്ലും ബ്രേക്കും ഇല്ലാതെ പോയിക്കൊണ്ടിരിക്കുമ്പോ വല്ലപ്പോയും ആ ഓർമ്മകളെയൊന്നു റീവൈൻഡ് ചെയ്തു നോക്കുന്നെ നല്ലതാ... 
അതെന്നേ അവിടിണ്ടാവും ഒരിക്കൽ നമുക്ക് പ്രിയമായതൊക്കെയും.....ജീവിതത്തിൽ ഒരുപക്ഷേ നമ്മൾ ഏറെ ആഗ്രഹിക്കുന്നതും മിസ്സ്‌ ചെയ്‌യുന്നതുമായതെന്തും ഒരിക്കൽ നമ്മൾ അനുഭവിച്ചറിഞ്ഞ ആ ഇഷ്ട്ടങ്ങളാണ് ..
ബാല്യവും കൗമാരവും യൗവനവും നിമിനേരം കൊണ്ട് കടന്നു പോവും....
നരച്ച മുടിയിഴകളിൽ കൃതൃമം ചാലിക്കുന്ന വാർദ്ധക്യത്തിന്റെ അലസതയുടെ നാളുകളിൽ ആ നൊസ്റ്റാൾജിയ വെറുമൊരു കടങ്കഥ മാത്രമായി തീരും..
അതുകൊണ്ട് നമുക്കിപ്പൊ ഒരു യാത്ര പോവാം .... 
കുഞ്ഞു നാളിൽ കല്ലെറിഞ്ഞു വീഴുതിയ മാമ്പഴത്തിന്റെ പിണക്കം പറഞ്ഞു തീർക്കാൻ മുത്തശി മാവിന്റെയടുക്കലേക്ക്....
നീന്തി തുടിച്ച ആറ്റിൻ ഓരത്തു വീണ്ടുമൊരു സ്വപ്ന സൗധം പണിയണം മണൽ തരികളാൽ... അതിലൊരിടമുണ്ട് നിനക്ക്..എന്റെ കളിക്കൂട്ടുകാരന് ...നിഷ്കളങ്ക സ്നേഹത്തിന്റെ 
ഓർമ്മയ്ക്ക്‌.....
സ്കൂളിന്റെ വരാന്തയിലൂടെ ചെന്നു ആളൊഴിഞ്ഞ ആ ക്ലാസ്സ്‌ മുറിയിലൊന്നിരിക്കാം കുറച്ചു നേരം .. കണക്കുമാഷിന്റെ ചൂരൽ വടിയുടെ ആ ശബ്ദം കേൾക്കുന്നില്ലേ .... 
അപ്പുണ്ണിയുടെ കരച്ചിലും കുഞ്ഞിമാളുവിന്റെ കൊഞ്ഞനം കുത്തിയുള്ള ചിരിയും .... ദേ, ഉച്ചകഞ്ഞിക്കുള്ള മണിയടിയും കേട്ടു ... മനസിനുള്ളം തൊട്ട ചങ്ങാതിമാരുടെയും കുറേ ചങ്ങാത്തത്തിന്റെയും ഓർമ്മകളെ താലോലിച്ചു കൊണ്ട് ഇവിടുന്നും യാത്ര തുടരാം..... 
അങ്ങ് ദൂരെ അപ്പൂപ്പൻതാടികൾ കാറ്റിൽ പറത്താം.... മഞ്ചാടിക്കുരു എണ്ണം തികഞ്ഞോന്നു നോക്കാം ... ആകാശം കാണാതെ വച്ച മയിൽപ്പീലികൾ തൊട്ടു തഴുകാം ....
പൂവാലി പശുവിന്റെ മേനിയിൽ ഒരുമ്മ കൊടുക്കാം ... പുഴക്കരയിൽ ചെന്നു തോണിയിൽ ഒന്നക്കരയ്ക്കു പോവാം... കുറുകുന്ന അമ്പലപ്രാവിന് അരിമണി വിതറാം.... നിലാവിന്റെ പാട്ടിനു കാതോർത്തു കിടന്നു പുലർച്ചെ ചെമ്പകം വിടർന്ന മണമാസ്വദിക്കാം....
കാലത്തിന്റെ ഇടനാഴികൾ പിന്നിടുമ്പോൾ വീണ്ടും കൂടു കൂട്ടിയ ചില സൗഹൃദങ്ങൾ ... പക്ഷേ പഴയ ചങ്ങാത്തത്തിന്റെ അത്ര ഉറപ്പില്ലാതെ കൊണ്ടാവും അവരിൽ പലരും കൂടൊഴിഞ്ഞു പോയതും ..... 
പിന്നെ ഓർക്കാനുള്ളത് കണ്ടറിഞ്ഞ ഭാവങ്ങളെയാണ് നിറങ്ങളെയാണ് കാഴ്ചകളെയാണ് ... നാവിൽ രുചിച്ചറിഞ്ഞ മധുരങ്ങളെയാണ് ..... കാലാടിപ്പാതകൾ പിന്നിട്ട യാത്രകളെയാണ് .... 
എല്ലാം ഒരു നൊസ്റ്റാൾജിയ ആയി മറയുമ്പോയേക്കും ഒന്നറിഞ്ഞു വന്നേക്കാം അന്നു നെഞ്ചോരം ചേർത്തൊരാ നിമിഷങ്ങളെ....... 

SanDisk Cruzer Blade SDCZ50-016G-135 16GB USB 2.0 Pen Drive

Monday, 29 October 2018

മൃതിയടഞ്ഞ സ്വപ്നങ്ങൾ

തണുത്തുറഞ്ഞ എന്റെ ശരീരം 
ഇമയടഞ്ഞ ആ നേരം 
മൃതിയടഞ്ഞ സ്വപ്നങ്ങൾക്കും മേൽ 
ഒരു നനുത്ത മഴച്ചാറ്റൽ പോലെഅരികിലായി 
നീ ഓടിയെത്തും. 
സ്വന്തമെന്നു പറയാതെ പറഞ്ഞ കണ്ണുകളിൽ, മിഴിനീർതുള്ളിയാൽ 
നീയെന്നെ നോക്കും. 
സ്നേഹമതിന്റെ പരിപൂർണ്ണതയിൽ
ആ മിഴിയോരം തെല്ലകലം പോലും കൈവിടാൻ മടിക്കും.... 
ഒരിക്കൽ കൈത്തുമ്പു ചേർത്ത് പിടിച്ച പോലെ 
വീണ്ടും നിന്റെ കൈകളാൽ എന്റെ 
കൈത്തുമ്പു നീ ചേർത്ത് പിടിക്കും. 
നിന്റെ ഓർമ്മകൾ തഴുകിയുറങ്ങിയ 
ഹൃദയത്തിനോരം നീ ചേർന്നിരിക്കും. 
നമുക്കിടയിലെ ഈ മൗനത്തിനു മുന്നിൽ 
നിസ്സഹായരാണ് നാം. 
എന്നെന്നേക്കുമായി അടഞ്ഞ കണ്ണുകളിലിനിയും 
പ്രണയമഴ തോരാതെ പെയ്തിറങ്ങുന്നുണ്ട്. 
നിന്റെ ചുണ്ടുകളാൽ പതിയെ നീയെനിക്കായ്‌ 
അന്ത്യചുംബനം തരിക.... 
ഒന്നിച്ചു കണ്ട കിനാവുകൾ അത്രയും 
നെഞ്ചിൻകൂടിനുള്ളിൽ അടക്കി 
ഹൃദയം കൊണ്ടെഴുതിയ ലിപികളിൽ 
നീ എന്റെ പ്രണയാഗ്നിയായ് സമർപ്പിച്ചു 
ഞാൻ ഇനി മയങ്ങട്ടെ.......

സൗഹൃദങ്ങൾ

സൗഹൃദത്തെ കുറിച്ചു മുൻപും പറഞ്ഞിട്ടുണ്ട്.... വീണ്ടും പറയാതെ വയ്യ.... വീണു കിട്ടിയ നിധി പോലെ ചില ചങ്ങാത്തങ്ങൾ ഉണ്ട്
 ഇടയ്ക്കെപ്പോയോ പരസ്പരം മറന്നൂന്നു കരുതിയ ചില കളിക്കൂട്ടുകാർ.... പൊട്ടി പോയ പട്ടം പോലെ ഒരു ഊരുചുറ്റിയെ പ്രണയിക്കുന്ന മനസ്സിൽ ഓർമ്മകൾക്കെന്നും പത്തര മാറ്റിന്റെ അഴകാണ്...
 അതിങ്ങനെ കലണ്ടർ താളുകളിൽ മാത്രം ഒത്തുതീർപ്പുകൾ കൽപ്പിച്ചു പടിയിറങ്ങി പോയതിനെയൊക്കെയും ഇടയ്ക്ക് ഇങ്ങു മാടി വിളിക്കും...
 ഗ്രൂപ്പുകളിൽ ഇന്നതു വീട്ടിൽ വീണ്ടും തളിർത്തു തുടങ്ങി.... എന്നോ എപ്പോയോ കൂട്ടുകൂടി വന്നു ഓർമ്മകളിൽ മാത്രം നട്ടു നനയ്ക്കാൻ വിധിക്കപെട്ട ആ സൗഹൃദങ്ങൾ... ഓരോ മഴക്കാലവും അവരിൽ ചിലരെ ഓർക്കാതെ പോവില്ല....... വീടിന്റെ തൊട്ടു മുൻപിൽ സ്കൂൾ ആയി പോയതിന്റെ സങ്കടം കൊണ്ട്, മഴ പെയ്തു നിറഞ്ഞൊഴുകുന്ന  നെൽപ്പാടങ്ങളിൽ തോണിയിറക്കി എന്നും തോണിയിൽ വരുന്ന അയെയും അഞ്ജുവും ഒക്കെ എന്റെ കുഞ്ഞുമനസ്സിലെ സ്നേഹമുള്ള വില്ലത്തികൾ ആയിരുന്നു... സ്കൂൾ വരാന്തയിൽ നിന്ന് തോണിയിറങ്ങി  വരുന്ന അവരെ അസൂയയോടെ നോക്കി നിൽക്കും...
ഒന്ന് മഴ നനയാൻ, അവരു വരും പോലെ മഴ നനഞ്ഞു കുളിച്ചങ്ങനെ...... ഹോ...... എവടെ... ഇതൊന്നും നമുക്കു പറ്റില്ല... സ്കൂളിന്റെ തൊട്ടു മുൻപിലാ  വീട്.... മഴയത്തു കളിക്കാൻ ഒരു ചാൻസ് ഞാനും അപ്പൂസും കൂടി ഉണ്ടാക്കും..... നല്ല മഴക്കാറ് വരുന്ന നേരം നോക്കി വയലിൽ കളിക്കാൻ പോവും...... പെയ്തു തുടങ്ങി തോരുന്ന വരെ ഞങ്ങൾ പിള്ളേർ സെറ്റ് ആർമാദിക്കും..... അതൊക്കെ ഒരു കാലം.... പറഞ്ഞു വന്നത് എന്താച്ചാൽ കുറച്ചു ദിവസായിട്ട് നാട്ടിലാണ്..... ഡെങ്കിപ്പനി ആയിട്ട് danger സോണിൽ ആയി  ഹോസ്പിറ്റലിൽ കിടന്നപ്പോ  ഒട്ടും  പ്രതീക്ഷിക്കാതെ  ആ  പഴയ വില്ലത്തീസ് ലാൻഡ് ചെയ്തു.... ഒക്കത്തു അവരുടെ കുട്ടിത്തേവാങ്കുകളും...... ആരോ പറഞ്ഞു അറിഞ്ഞതാത്രേ..... പിള്ളേർക്ക് പനി പകരും വെക്കം പൊക്കോളാൻ പറഞ്ഞിട്ടും അവരു പോയില്ല.... കുറേ കാലത്തിനു ശേഷം കാണുവാ...... ഒട്ടും വയ്യാതിരുന്ന ആ നേരത്തു ഒത്തിരി സന്തോഷം കുറച്ചു നേരത്തേക്കല്ല ഈ ജീവിതം മുഴുവൻ ഓർക്കാൻ അവരു നൽകി..... സത്യം പറയാലോ.... ഒരുപാടൊന്നും ഇല്ല..... എന്നാലും ഉള്ളതത്രയും ചങ്കാണ് നമ്മുടെ...... സ്നേഹത്തിന്റെ പട്ടുനൂൽ കൊണ്ട് തുന്നിച്ചേർത്ത ഈ സൗഹൃദങ്ങൾ...

Sunday, 28 October 2018

നമ്മ ബംഗളൂരു

ബംഗളൂരു ... Gods own country കഴിഞ്ഞാൽ  ബാംഗ്ലൂർ ജീവിക്കുന്ന  
മ്മളിൽ പലർക്കും നമ്മൂരു bnglr ആണ്.... എന്തിനാലോ അറിയാതെ അങ്ങു ഇഷ്ട്ടപെട്ടു പോവും... അന്നാദ്യമായി bnglr വന്നത് ഇപ്പോഴും ഓർക്കുന്നു... 2012 ഓഗസ്റ്റ് 2 നു..... T. John കോളേജിൽ അഡ്മിഷന്... അച്ഛനും ഞാനും വക്കീൽ അങ്കിൾ ഉം.... ഇവിടെ എത്തിയ അന്നു തന്നെ എന്റെ ആനിക്കുട്ടിയെ പരിചയപെട്ടു.... എപ്പോഴും ചിരിക്കുന്ന മുഖമുള്ള മാലാഖക്കുട്ടി.... പറഞ്ഞു വന്നപ്പോൾ അവളു കണ്ണൂരുകാരി ഇവിടെ bnglr settled..നമ്മള് ഇങ്ങു കോഴിക്കോട്ടങ്ങാടീന്നും... അവളും കോളേജിൽ അഡ്മിഷന് വേണ്ടി വന്നതാര്ന്നു ... അച്ഛൻ ഹാപ്പിയായി.... എന്നെ ആനിയെ അങ്ങട്ട് ഏൽപ്പിച്ചു കൊടുത്തു.....

Snt. Joseph ഹോസ്റ്റലിലും കിട്ടി കുറച്ചു തല തെറിച്ചതുങ്ങളെ... 

പുലി സിസ്റ്ററിനോട് കട്ടയ്ക്കു നിന്ന് fight ഉണ്ടാക്കാൻ അവളുമാർക്കേ പറ്റൂ.... ഹോസ്റ്റലിലെ മാങ്ങ മോഷ്ടിച്ചത് ഓർക്കുമ്പോൾ കോമെഡിയാ... ഉറുമ്പിന്റെ കടിയും കൊണ്ട് മാവിൽ കേറി മാങ്ങ മൊത്തം ഞങ്ങള് ചാക്കിലാക്കി... സിസ്റ്റർ പൊക്കി... പിന്നെ നടന്നതൊക്കെ അനുഭവിച്ചത്‌ ന്റെ പിള്ളേരാ.... നമ്മള് പിറ്റേന്ന് വെക്കേഷന് നാട്ടിലേക്കു scoot ആയി.... രസായിരുന്നു..... ഹോസ്റ്റൽ ലൈഫ്.. Room no 3 എന്നും ഒരു പ്രതിഭാസം ആയിരുന്നു.... ഇണക്കവും പിണക്കവും പാരവെപ്പും എല്ലാം കൊണ്ടും പൊളിച്ചു.... കോളേജിൽ നമുക്കൊരു ചോട്ടാ ഗാങ് ഉണ്ടാർന്നു... നാലാളു അറിയുന്ന ഒരു മല്ലു ഗാങ്... KacHaraAzZ.... ക്ലാസ്സിൽ girls ഞങ്ങൾ 3 പേരേ ഉണ്ടായിരുന്നുള്ളു.... അപ്പൊ പിന്നെ പറയേണ്ടല്ലോ.... നമ്മുടെ പിള്ളേര് നമുക്ക് തരുന്ന സപ്പോർട്ട്....
പ്രിൻസിപ്പൽ തിവാരിക്ക് ഒരു പണി കൊടുക്കണം എന്നത് സീനിയർസിനെ പോലെ ഞങ്ങൾക്കും ഒരു ചിരകാലാഭിഷേകം ആയിരുന്നു... പുള്ളിക്കാരീടെ ഓഫീസിന്റെ അടുത്തുള്ള മരത്തിലെ തേനീച്ചക്കൂട് ഞങ്ങള് നോട്ടം ഇട്ടു വച്ചതാര്ന്നു.... പക്ഷെ ഒന്നും നടന്നില്ലാന്നേ....എത്ര പെട്ടെന്നാ ദിവസങ്ങൾ പോയേ....  എഴുതി തീർക്കാൻ കഴിയാത്തത്രയും പറഞ്ഞറിയിക്കാൻ ആവാത്തത്രയും മനോഹരമായ നിമിഷങ്ങൾ ജീവിതത്തിൽ പകർന്നു തന്നത് T.John ഇലെ ഇന്നലകളായിരുന്നു...
 Bnglr എല്ലാം നൽകി... നാട്ടിൻപുറത്തെ അകത്തളങ്ങളിൽ നിന്നും സ്വാതന്ത്രമായി പറക്കാൻ ചിറകുകൾ.... സ്വപ്‌നങ്ങൾ ജീവിതമാക്കി തീർത്ത ഈ ലോകം.. എങ്കിലും എവിടെ പോയാലും നമ്മുടെ
നാട്ടിൻപുറത്തിന്റെ ഒരു നിഷ്ക്കളങ്കതയുടെ ലേബൽ കൂടെയുണ്ട്..Bnglr എന്നും നമ്മളെ സന്തോഷിപ്പിച്ചു... ഇടയ്ക്ക് ഇച്ചിരി ശോകവും.... അതുപിന്നെ സന്തോഷോം സങ്കടോം എല്ലാം കൂടി ചേർന്നതല്ലേ ഈ ദുനിയാവിലേക്കു പടച്ചോൻ തന്നു വിട്ട ജീവിതം....
എന്തൊക്കെയായാലും bnglr അറിഞ്ഞു തന്നതിലത്രയും ഖൽബിൽ കൊണ്ടത് കോളേജ് - ഹോസ്റ്റൽ ലൈഫ് ആണ്....
 ഇന്നും ഓർക്കുമ്പോൾ ഒന്നുകൂടി പിറകിലേക്ക് എത്തിനോക്കാൻ തോന്നും... ആ പഴയ പിള്ളേർ സെറ്റിന്റെ കൂടെ ഇച്ചിരി വില്ലത്തരം ഒക്കെയായി കുറുമ്പൊക്കെ കാണിച്ചു അങ്ങനെ..... ഓർക്കാൻ മധുരമുള്ളതാണത്രേ കണ്ണിനെ ഈറനണിയിപ്പിക്കുക...പണ്ടാരാണ്ടോ പറഞ്ഞതാ.....
 അതല്ലേല്ലും അങ്ങനാടാ ഉവ്വേ...
എവിടെയായാലും, നാട്ടിലോ ബാംഗ്ലൂരോ നമ്മുക്കുള്ളതൊക്കെയും വടീം കുത്തി പിടിച്ചിങ്ങു പോരും.... ഓര്മകളാത്രേ ഓർമ്മകൾ... ഒടുക്കത്തെ നൊസ്റ്റു ആണെന്നേ.... ന്തോ ചെയ്യാനാ........

Friday, 26 October 2018

ജന്മ ജന്മമാന്തരങ്ങൾക്കുമപ്പുറം

ഞാനും നീയുമെന്ന സങ്കൽപ്പത്തിൽ നിന്നും നാമൊന്നിച്ചുള്ള യാത്രയിൽ ഇനിയുമൊരുപാട് ദൂരം പോവേണ്ടിയിരിക്കുന്നു..... ജന്മ ജന്മാന്തരങ്ങളായി നാം പ്രണയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു..

ചിലപ്പോയൊക്കെ നിന്നോട് പറയാതെ എനിക്ക് മുന്നേ കടന്നു നീ പോവുമ്പോൾ ഓർമ്മകൾക്ക് മുന്നിൽ തരിച്ചു നിൽക്കാറുണ്ട് എന്റെ പ്രണയം...

ഗസലിന്റെ ഈണം കാതുകളിൽ മുഴങ്ങുമ്പോൾ ഒരു നേർത്ത തെന്നൽ പോലെ എന്നിൽ അലിഞ്ഞു ചേർന്ന പ്രണയം.... എന്റെ പ്രാർത്ഥനകളിൽ നീയെനിക്കു എത്രമാത്രം പ്രിയപെട്ടതാണെന്ന് ഞാൻ അറിയുന്ന പ്രണയം.......

Thursday, 25 October 2018

അച്ഛൻ💗


അച്ഛൻ എന്നും ഇങ്ങനെയൊക്കെ ആയിരിക്കാം... അമ്മയാണ് ഉദരത്തിൽ പേറിയതെങ്കിലും നെഞ്ചിടിപ്പോടെ കുഞ്ഞിനെ കാത്തിരിക്കുന്നതിന്റെ ത്രിൽ മുഴുവനും അച്ഛനാവും..കാത്തിരുന്നു കിട്ടിയ കണ്മണി തനി അച്ഛന്റെ പകർപ്പാണെന്നു കേൾക്കുമ്പോ ഉള്ളിന്റെയുള്ളിൽ അവർക്കൊരു ആനന്ദം തോന്നും.... 
അമ്മേയെന്നു വിളിച്ചു കുഞ്ഞു കരയുമ്പോ ആദ്യം ഓടിയെത്തുന്നത് അച്ഛനാവും.... അക്ഷരങ്ങളിൽ അവളെ അച്ഛൻ ചൊല്ലി പഠിപ്പിക്കുന്ന ആദ്യ പാഠം അമ്മ എന്നാവും.... ഓരോ കാൽവെപ്പുകളിലും അവൾക്കു കൂട്ടായ് പദയാത്രികനായി കൂടെയുണ്ടാവും.....

രാവും പകലും സ്വയം മറന്നു അധ്വാനിച്ചു വരുമ്പോഴും ചുരുട്ടി വച്ച ദിനേശ് ബീഡി കെട്ടിന്റെയിടയ്ക്കു അവൾക്കു ഇഷ്ട്ടപെട്ട പലഹാരങ്ങൾ ഉണ്ടാവും.... ഓടി വന്നു പൊതി വാങ്ങിച്ചെടുക്കുമ്പോ അവളുടെ മുഖത്തെ ആ ചിരി കാണുമ്പോ ആ ദിവസത്തെ അധ്വാനത്തിന്റെ ഭാരം മുഴുവനും ഇല്ലാതാവും.... നേരം ഇരുട്ടി അവളിങ്ങു എത്തിയില്ലെല്ലോ എന്ന പരിഭവം അമ്മ പറഞ്ഞു തീരും മുന്നേ ഒരു ടോർച്ചുമെടുത്തു അച്ചനിറങ്ങും.... നീ വെഷമിക്കാതിരി ഞാൻ ഒന്ന് പോയി നോക്കട്ടേന്നും പറഞ്ഞു....
പെൺകുട്ടിയാണ് നീയൊരിക്കലും ആമ്പിള്ളേരോട് കൂട്ട് കൂടി നടക്കരുതെന്നല്ല അച്ഛൻ പറഞ്ഞത്... എല്ലാവരോടും കൂട്ട് കൂടി നല്ലതും ചീത്തയും മനസ്സിലാക്കാനുള്ള കണ്ണ് തുറന്നു പിടിക്കണം എന്നാണ്... ദൂരെ പോയി പഠിക്കണം എന്ന് പറഞ്ഞപ്പോ, നാട് വിട്ടു പോയി നിന്ന് കുറേ പഠിച്ചിട്ടു ഒക്കെ എന്തിനാ ഒരു പെൺകൊച്ചല്ലേ കെട്ടിച്ചു വിടാനുള്ളതല്ലേ എന്ന് ചിലർ അപസ്വരം പറഞ്ഞപ്പോ, അവള് അവൾക്ക് ഇഷ്ടമുള്ളത് എത്ര ദൂരെയാണേലും പോയി പഠിച്ചോട്ടെ അതാണെന്റെ തീരുമാനമെന്ന് ഉറക്കെ പറഞ്ഞതും അച്ഛൻ തന്നെ....
ഓരോ ഫോൺ വിളിയിലും അമ്മയോട് കൂടുതൽ സംസാരിക്കുമ്പോ അതും പറഞ്ഞു കുശുമ്പ് കാണിക്കുന്ന ഒരു കുറുമ്പനും ആവും ചിലപ്പോയൊക്കെ അച്ഛൻ .... ചേട്ടനില്ലായ്മ്മയുടെ ദാരിദ്ര്യം പറയുമ്പോ അച്ഛനില്ലേ ഡാ കൂടെയെന്നും പറഞ്ഞു പുള്ളി നമ്മുടെ വല്യേട്ടനും ആവും.... 
ജീവിതത്തിന്റെ തിരക്കഥയിൽ ഇനിയും ആടി തീർക്കാനുള്ള ഒരുപാട് വേഷപ്പകർച്ചകൾ അച്ഛനുണ്ട്..... അറിയും തോറും ഒരുപാട് ബഹുമാനം... ഒത്തിരി സ്നേഹം....
ഇഷ്ട്ടങ്ങൾ അടിച്ചേൽപ്പിക്കാതിരുന്നതിനു.... സ്വപ്നം, കാണാനുള്ളത് മാത്രമല്ല ജീവിതത്തിൽ എത്തിപ്പിടിക്കാൻ കൂടിയുള്ളതാണെന്നു ഉപദേശിക്കുന്നതിന്.......ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയമായി എല്ലാറ്റിനു കൂടെയുണ്ടാവുന്നതിനു......💗

Wednesday, 24 October 2018

അമ്മ ❤

അമ്മ... സ്നേഹത്തിന്റെ നിറകുടം.... വാത്സല്യത്തിന്റെ പ്രതിധ്വനി... ആയിരം കാതം ദൂരെയാണെങ്കിലും അമ്മയുടെ ഒരു വാക്ക് മതി ഏതു അവസ്ഥയിലും ഉള്ളൊന്നു തണുക്കാൻ... ഒരു സ്പർശം മതി സങ്കടങ്ങളൊക്കെയും ഒന്നായലിഞ്ഞു തീരാൻ..... അമ്മിഞ്ഞപ്പാലിന്റെ മധുരത്തിന് പകരമായി മറ്റെന്തു നൽകാൻ കഴിയും നമുക്ക്... പാടി തന്ന താരാട്ടു പാട്ടിന്റെ ഈരടികൾ കേട്ടുറങ്ങിയ രാവുകൾക്കു പകരമായി സ്നേഹം കൊണ്ട് തീർത്ത മുത്തം മാത്രം നൽകാം, തഴുകി തലോടിയ കൈകളിൽ നമുക്ക് നൽകാം ഒരുറപ്പ്... കാലാന്തരങ്ങളോളം കൂടെയുണ്ടാവുമെന്ന ഒരു വാക്ക്...
കുഞ്ഞു വായിൽ വച്ചു തന്ന സ്നേഹാമൃതിനു പകരമായി കവിളിലൊരുമ്മ അമ്മയ്ക്ക്.... പിച്ച വെച്ചു നടക്കാൻ തുടങ്ങുമ്പോൾ അമ്മയുടെ മനസ്സിൽ ആധിയാണ്..... എന്റെ കുഞ്ഞു അടിപതറി വീഴുമോയെന്നു...... കാലൊന്നു തെറ്റുമ്പോൾ പിടയുന്നത് അമ്മ മനമാണ്‌.... ഒരു നോട്ടം കൊണ്ട് പോലും നമ്മെ മനസ്സിലാക്കാൻ കഴിയുന്ന ബന്ധം...
നക്ഷത്ര കണ്ണുള്ള രാജകുമാരന്റെ കഥ പറഞ്ഞു തരുമ്പോൾ അമ്മയുടെ കണ്ണിൽ അമ്മയുടെ രാജകുമാരനും രാജകുമാരിയും ഒക്കെ നമ്മളാണ്.... ആദ്യാക്ഷരങ്ങൾ കുറിക്കുമ്പോ ആദ്യമായി തന്റെ കുഞ്ഞു അമ്മേയെന്ന് വിളിക്കുമ്പോൾ ആ മനസ്സ് നിറഞ്ഞു തുളുമ്പും സന്തോഷ കണ്ണീരിനാൽ....
അമ്മയുടെ മുലപ്പാലിന്റെ മഹത്വവും കണ്ണുനീരിന്റെ ഉപ്പും തിരിച്ചറിയുന്ന തലമുറയ്ക്ക് പകരം നൽകാൻ കഴിയില്ല മറ്റൊന്നും പേറ്റുനോവിന്റെ സഹനശക്തിക്കു മുൻപിൽ... ആ കാൽപ്പാദങ്ങളിൽ തൊട്ടു വന്ദിക്കാം ജന്മം തന്നതിനു, സ്നേഹം പകർന്നു തന്നതിനു, കാലാടിപ്പാതകൾക്കു കൂട്ടായ് വന്നതിന്, ചാരെ വന്നു നിന്നു നെറ്റിയിൽ തന്ന പൊന്നുമ്മകൾക്കു.. .......... അമ്മ ❤



Sunday, 21 October 2018

നീ






നീയെനിക്കു വാഗ്ദാനങ്ങൾ നൽകിയിട്ടില്ല....

മറ്റുള്ളവരെക്കാളും നീ മികച്ചതെന്ന് തോന്നിപ്പിക്കാൻ വേണ്ടി മാത്രം ഒന്നും ചെയ്തിട്ടില്ല... 

നീയെനിക്കു അപ്രതീക്ഷിത സമ്മാനങ്ങളോ പാലിക്കപ്പെടാൻ കഴിയാത്ത വാക്കുകളോ നൽകിയിട്ടില്ല.....

പിടിവാശികളാലും ആചാരവിശ്വാസങ്ങളാലും സ്വയമെരിഞ്ഞു വീർപ്പുമുട്ടാൻ വേണ്ടി മാത്രം ആലേഖനം ചെയ്യപ്പെട്ടൊരു പ്രണയം ഇന്നും നമ്മുടെ കണ്ണുകളിൽ പരസ്പരം തെളിഞ്ഞു കത്തുന്നുണ്ട്.....

കാഴ്ചകൾക്കപ്പുറം സ്വപ്നം കാണാൻ കൊതിയുണ്ടെങ്കിലും പിറകോട്ടു വലിക്കുന്ന ചില വീണ്ടുവിചാരങ്ങളുള്ളതുകൊണ്ട് കയ്യെത്താമായിട്ടും തെന്നിമാറാൻ വെമ്പൽ കൊള്ളുന്നൊരു നിസ്സഹായത നമുക്കിടയിലുണ്ട്.....

വിട്ടുകൊടുക്കലുകളോ ചില നഷ്ടപ്പെടലുകളോ ബോധ്യമാവുന്നിടത്തു ഭയന്നു 

മാറി തനിച്ചിരിക്കുന്ന ഓർമ്മകളായി മാറുന്നുവോ ഈ പ്രണയം.....
അതിനാൽ തന്നെ ഈ പ്രണയമിന്നും, നിനക്കുമെനിക്കുമിടയിൽ മാത്രം പിടയുന്ന നോവായി എരിഞ്ഞു തീരുന്നു.... 

ഭ്രാന്തൻ ചിന്തകളിൽ നിന്നുതിർന്ന ലിപികളിൽ തേങ്ങലടക്കി പിടിച്ചൊരു നൊമ്പരമായി................
.

Tuesday, 9 October 2018

ഓർമ്മകളിലേക്കൊരു തിരിഞ്ഞു നോട്ടം

ഒരു യാത്ര പോവണം.... കണ്ടറിഞ്ഞതൊക്കെയും ഓർമ്മകൾക്ക് വിട്ടുകൊടുക്കും മുന്നേ. കാലത്തിന്റെ തിരുശേഷിപ്പുകൾ ബാക്കിവെച്ച ഓർമ്മകളിലൂടെ.....
വക്കു പൊട്ടിയ സ്ലെയ്റ്റും മുറിക്കഷ്ണം ചോക്കും തൊടിയിലെ മഷിത്തണ്ടും മുറിച്ചെടുത്ത്.
മുടി പിന്നിക്കെട്ടി സിൻഡ്രല്ലാ ഉടുപ്പുമിട്ട് ഉപ്പുമാവിന്റെ ഗന്ധം നിറയുന്ന ചോറ്റുപാത്രവും കയ്യിലേന്തി തൊട്ടാവാടിയെ തൊട്ടു ഇക്കിളിപ്പെടുത്തി.
മഞ്ചാടിമണികൾ എണ്ണിതികച്ചു ഓടിക്കിതച്ചാ ക്ലാസ്സിൽ കയറണം....
അവസ്സാന ബെല്ലിന് ഇറങ്ങിയോടാനുതകുന്ന ഓരം ചേർന്നിരിക്കണം..
മാഷിന്റെ ചൂരൽ കഷായം കൊണ്ടൊന്നൂടെ കൈവെള്ള നോവിക്കണം...
പുസ്തകചിന്തകളിലേക്കൂളിയിടണം..... തിരിച്ചറിയാതെ മാറി ഉള്ളിലൊതുങ്ങി നിന്ന അക്ഷരസൗരഭ്യമെല്ലാം
കാറ്റിൽ പറത്തണം.... 
തോൽവി ചുംബിച്ച നിമിഷങ്ങളെയെല്ലാം കണ്ണടച്ച് 
ഇരുട്ടിൽ തളയ്ക്കണം....
പിന്നെയും ഓർമ്മയുടെ ദൂരമറ്റമെത്തും വരെ യാത്ര തുടരണം... 
സൗഹൃദങ്ങൾ നെഞ്ചിലുറങ്ങുന്ന കലാലയമുറ്റത്തേക്കു ഒന്നെത്തിനോക്കണം....
ചുവപ്പിനെ പ്രണയിച്ച സഖാവിന്റെ കണ്ഠനാദങ്ങൾക്കു വിപ്ലവത്തിന്റെ മാറ്റൊലിയായ് പടരണം.... ഹൃദയത്തിലൊളിപ്പിച്ച കുഞ്ഞു പ്രണയത്തെ, പറയാതെ പോയൊരാ ഇഷ്ടത്തെ നിസ്സംഗമായി ഒന്നുകൂടി പുണരണം.... 
വീണ്ടും കൺനിറയെ കാണണം.. മറഞ്ഞു നിന്നാ മുദ്രാവാക്യങ്ങൾക്കു കാതോർക്കണം....
ഉള്ളോളം അറിഞ്ഞ സൗഹൃദങ്ങളെ തേടിപ്പിടിക്കണം.
ഓർമ്മകളിലിനിയും തേൻമുട്ടായിയുടെ മധുരം നുണയണം. 
മറവിയാൽ മാറാല തീർത്ത മനസ്സുകളില്ലെക്കവരറിയാതെ കടന്നു ചെല്ലണം. 
മതിവരുവോളം തമാശ പറയണം, പൊട്ടിച്ചിരിക്കണം. 
കുശുമ്പും കുന്നായ്മയും ഏറ്റുപിടിക്കണം...
ഒടുവിലാരും കാണാതെ മിഴിനിറഞ്ഞതും പുഞ്ചിരിയായ് മുഖത്ത് വിരിയണം....
നഷ്ട്ടങ്ങളുടെ കണക്കെടുപ്പിനു തനിച്ചു വിട്ടുകൊടുക്കാതെ 
കടന്നു പോയ നിമിഷങ്ങളെ അത്രയും ചിക്കിചികഞ്ഞെടുത്തു 
കൂടെ കൂട്ടണം....
ഇനിയൊരു തിരിച്ചു വരവില്ലാത്ത യാത്രക്കും മുൻപേ.................


Thursday, 4 October 2018

ശബരിമല വിഷയത്തെ കുറിച്ച് കോടതിവിധി വന്ന സമയത്തു ഞാനും അത് എതിർത്ത് സംസാരിച്ചിരുന്നു...... വിശ്വാസികളെ അവരുടെ ആചാരങ്ങളെ മാറ്റി നിർത്തി അവിശ്വാസികൾ പ്രതിഷേധത്തിന് വേണ്ടി മാത്രമായി മലകയറുന്നതു ശെരിയല്ല എന്ന് തന്നെ ഇപ്പോഴും കരുതുന്നു.....
പക്ഷെ അങ്ങനെ അല്ലാതെ ചിന്തിച്ചാൽ ഒന്നോർത്തു നോക്കിക്കേ.... ദൈവമെന്നു പറയുന്ന ശക്തി ഏതൊരു മനുഷ്യനെയും സ്ത്രീ ആയാലും പുരുഷനായാലും അവരെ ഒരേ പോലെ കാണുകയല്ലേ വേണ്ടത്... അതല്ല പുരുഷന് ഏതു സന്ദർഭങ്ങളിലും അമ്പലങ്ങളിൽ കേറാം സ്ത്രീക്ക് ചില നേരങ്ങളിൽ അശുദ്ധി കാരണം അമ്പലത്തിന്റെ ഏഴയലത്തു പോലും ചെല്ലാൻ പാടില്ല എന്നൊക്കെ ഏതെങ്കിലും ദൈവം ഇവിടത്തെ മനുഷ്യന്മാരോട് നേരിട്ട് വന്നു കാപ്പീം പലഹാരോം കഴിച്ചോണ്ടിരുന്നപ്പോ കുശലം പറഞ്ഞതാണോ ?????
അല്ലല്ലോ.......... ദൈവമെന്നു പറയുന്നത് തന്നെ ഒരു ശക്തിയുണ്ട് നമ്മളെ നിയന്ത്രിക്കാൻ എന്ന തോന്നലിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ... പലരും പല രൂപത്തിലും ഭാവത്തിലുമുള്ള ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിക്കുന്നു...... സത്യം പറഞ്ഞാ ഇവിടെ പലരും പലതും പറഞ്ഞു മുറവിളി കൂട്ടുന്നത് പോലും ദൈവങ്ങൾ ശ്രെദ്ധിക്കുന്നുണ്ടാവില്ല......ദൈവത്തെ സംബന്ധിച്ചു പുള്ളിയെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയെയും സ്ത്രീയോ പുരുഷനോ ആരായാലും അവർ ആഗ്രഹിക്കുന്ന നേരത്തു ചെന്ന് കാണാനുള്ള അവസരം നിഷേധിച്ചിട്ടുണ്ടാവില്ല.....

ആരാണ്ടൊക്കെയോ സ്വയം കൽപ്പിച്ച നിയമസംഹിതയ്ക്കുള്ളിൽ പെട്ട് നമ്മൾ ഒരു ആചാരത്തിനു അനുഷ്ഠിതമായ രീതിയിൽ ജീവിച്ചു പോന്നു..... അതുകൊണ്ടാണ് ഒരു മാറ്റത്തിന് തന്നെ കോടതി വിധി തുടക്കം കുറിച്ചതിനെ നമ്മൾ എതിർത്ത് പോകുന്നതും......
എന്നിരുന്നാലും ഇങ്ങനൊരു വിധിക്കും മുന്നേ നടപ്പാക്കേണ്ട വിധി വേറൊന്നായിരുന്നു..... പെണ്ണിന് സ്വതന്ത്രമായി സ്വന്തം ശരീരത്തെ കുറിച്ച് ആവലാതി പെടാതെ ഭയപ്പെടാതെ ഏതു കൂരിരുട്ടിലും നടക്കാൻ കെൽപ്പുള്ള ഒരു നിയമവ്യവസ്ഥ ആയിരുന്നു വേണ്ടത്....
ഞാനൊരു സ്ത്രീപക്ഷ ചിന്താഗതി മാത്രം വെച്ച് പുലർത്തുന്ന ആളല്ല..... അതുകൊണ്ടു തന്നെ ഫെമിനിസ്റ്റ് എന്ന് പറഞ്ഞു ആരും ഇങ്ങോട്ടു വരേണ്ട...... ആചാരങ്ങളെ ചവുട്ടി മാറ്റി മലകയറാനും പോവുന്നില്ല....... ഞാൻ ഇവിടെ പറഞ്ഞതിൽ തെറ്റുകൾ ഉണ്ടാവാം അത് അറിവുകൾ അത്രയ്ക്ക് അങ്ങട് ഇല്ലാഞ്ഞിട്ടും ആവാം  😂 😂
ഇമ്മള് ഇപ്പോഴും അയ്യപ്പനോടൊപ്പം തന്നെ........ ന്നാലും ആർത്തവം എന്ന അശുദ്ധി(അശുദ്ധിയെന്നു ചിലര് പറയുന്നത് )ഉള്ള സ്വയം പ്രഖ്യാപിത മനുഷ്യ ദൈവങ്ങളെ വായ്ത്തി പാടുന്ന നൂറ്റാണ്ടിൽ ഒരു കോടതി വിധിയെ അറഞ്ചം പുറഞ്ചം ചവിട്ടി ഞെരിക്കാതെ അത് അംഗീകരിക്കാനും നമുക്കു കഴിയണം......
സ്ത്രീകൾ നിർബന്ധമായും മല കയറണം എന്ന് കോടതി പറഞ്ഞിട്ടില്ല... പോകേണ്ടവർക്കു പോകാം........ പോവണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്....... പിന്നെ കുടുംബത്തിൽ പിറന്ന സ്ത്രീകൾ പോവില്ലെന്നു പറയുന്ന ഓൺലൈൻ ഭക്ത വിശ്വാസികളോട് ഒന്നേ പറയാനുള്ളൂ.....ഇപ്പോയൊക്കെ അല്ലെങ്കിൽ കൂടുതൽ പേരും ജനിച്ചു വീണത് ആശുപത്രികളിലാ സ്വന്തം കുടുംബത്തല്ല..................



https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...