Thursday, 25 October 2018

അച്ഛൻ💗


അച്ഛൻ എന്നും ഇങ്ങനെയൊക്കെ ആയിരിക്കാം... അമ്മയാണ് ഉദരത്തിൽ പേറിയതെങ്കിലും നെഞ്ചിടിപ്പോടെ കുഞ്ഞിനെ കാത്തിരിക്കുന്നതിന്റെ ത്രിൽ മുഴുവനും അച്ഛനാവും..കാത്തിരുന്നു കിട്ടിയ കണ്മണി തനി അച്ഛന്റെ പകർപ്പാണെന്നു കേൾക്കുമ്പോ ഉള്ളിന്റെയുള്ളിൽ അവർക്കൊരു ആനന്ദം തോന്നും.... 
അമ്മേയെന്നു വിളിച്ചു കുഞ്ഞു കരയുമ്പോ ആദ്യം ഓടിയെത്തുന്നത് അച്ഛനാവും.... അക്ഷരങ്ങളിൽ അവളെ അച്ഛൻ ചൊല്ലി പഠിപ്പിക്കുന്ന ആദ്യ പാഠം അമ്മ എന്നാവും.... ഓരോ കാൽവെപ്പുകളിലും അവൾക്കു കൂട്ടായ് പദയാത്രികനായി കൂടെയുണ്ടാവും.....

രാവും പകലും സ്വയം മറന്നു അധ്വാനിച്ചു വരുമ്പോഴും ചുരുട്ടി വച്ച ദിനേശ് ബീഡി കെട്ടിന്റെയിടയ്ക്കു അവൾക്കു ഇഷ്ട്ടപെട്ട പലഹാരങ്ങൾ ഉണ്ടാവും.... ഓടി വന്നു പൊതി വാങ്ങിച്ചെടുക്കുമ്പോ അവളുടെ മുഖത്തെ ആ ചിരി കാണുമ്പോ ആ ദിവസത്തെ അധ്വാനത്തിന്റെ ഭാരം മുഴുവനും ഇല്ലാതാവും.... നേരം ഇരുട്ടി അവളിങ്ങു എത്തിയില്ലെല്ലോ എന്ന പരിഭവം അമ്മ പറഞ്ഞു തീരും മുന്നേ ഒരു ടോർച്ചുമെടുത്തു അച്ചനിറങ്ങും.... നീ വെഷമിക്കാതിരി ഞാൻ ഒന്ന് പോയി നോക്കട്ടേന്നും പറഞ്ഞു....
പെൺകുട്ടിയാണ് നീയൊരിക്കലും ആമ്പിള്ളേരോട് കൂട്ട് കൂടി നടക്കരുതെന്നല്ല അച്ഛൻ പറഞ്ഞത്... എല്ലാവരോടും കൂട്ട് കൂടി നല്ലതും ചീത്തയും മനസ്സിലാക്കാനുള്ള കണ്ണ് തുറന്നു പിടിക്കണം എന്നാണ്... ദൂരെ പോയി പഠിക്കണം എന്ന് പറഞ്ഞപ്പോ, നാട് വിട്ടു പോയി നിന്ന് കുറേ പഠിച്ചിട്ടു ഒക്കെ എന്തിനാ ഒരു പെൺകൊച്ചല്ലേ കെട്ടിച്ചു വിടാനുള്ളതല്ലേ എന്ന് ചിലർ അപസ്വരം പറഞ്ഞപ്പോ, അവള് അവൾക്ക് ഇഷ്ടമുള്ളത് എത്ര ദൂരെയാണേലും പോയി പഠിച്ചോട്ടെ അതാണെന്റെ തീരുമാനമെന്ന് ഉറക്കെ പറഞ്ഞതും അച്ഛൻ തന്നെ....
ഓരോ ഫോൺ വിളിയിലും അമ്മയോട് കൂടുതൽ സംസാരിക്കുമ്പോ അതും പറഞ്ഞു കുശുമ്പ് കാണിക്കുന്ന ഒരു കുറുമ്പനും ആവും ചിലപ്പോയൊക്കെ അച്ഛൻ .... ചേട്ടനില്ലായ്മ്മയുടെ ദാരിദ്ര്യം പറയുമ്പോ അച്ഛനില്ലേ ഡാ കൂടെയെന്നും പറഞ്ഞു പുള്ളി നമ്മുടെ വല്യേട്ടനും ആവും.... 
ജീവിതത്തിന്റെ തിരക്കഥയിൽ ഇനിയും ആടി തീർക്കാനുള്ള ഒരുപാട് വേഷപ്പകർച്ചകൾ അച്ഛനുണ്ട്..... അറിയും തോറും ഒരുപാട് ബഹുമാനം... ഒത്തിരി സ്നേഹം....
ഇഷ്ട്ടങ്ങൾ അടിച്ചേൽപ്പിക്കാതിരുന്നതിനു.... സ്വപ്നം, കാണാനുള്ളത് മാത്രമല്ല ജീവിതത്തിൽ എത്തിപ്പിടിക്കാൻ കൂടിയുള്ളതാണെന്നു ഉപദേശിക്കുന്നതിന്.......ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയമായി എല്ലാറ്റിനു കൂടെയുണ്ടാവുന്നതിനു......💗

No comments:

Post a Comment

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...