Tuesday, 9 October 2018

ഓർമ്മകളിലേക്കൊരു തിരിഞ്ഞു നോട്ടം

ഒരു യാത്ര പോവണം.... കണ്ടറിഞ്ഞതൊക്കെയും ഓർമ്മകൾക്ക് വിട്ടുകൊടുക്കും മുന്നേ. കാലത്തിന്റെ തിരുശേഷിപ്പുകൾ ബാക്കിവെച്ച ഓർമ്മകളിലൂടെ.....
വക്കു പൊട്ടിയ സ്ലെയ്റ്റും മുറിക്കഷ്ണം ചോക്കും തൊടിയിലെ മഷിത്തണ്ടും മുറിച്ചെടുത്ത്.
മുടി പിന്നിക്കെട്ടി സിൻഡ്രല്ലാ ഉടുപ്പുമിട്ട് ഉപ്പുമാവിന്റെ ഗന്ധം നിറയുന്ന ചോറ്റുപാത്രവും കയ്യിലേന്തി തൊട്ടാവാടിയെ തൊട്ടു ഇക്കിളിപ്പെടുത്തി.
മഞ്ചാടിമണികൾ എണ്ണിതികച്ചു ഓടിക്കിതച്ചാ ക്ലാസ്സിൽ കയറണം....
അവസ്സാന ബെല്ലിന് ഇറങ്ങിയോടാനുതകുന്ന ഓരം ചേർന്നിരിക്കണം..
മാഷിന്റെ ചൂരൽ കഷായം കൊണ്ടൊന്നൂടെ കൈവെള്ള നോവിക്കണം...
പുസ്തകചിന്തകളിലേക്കൂളിയിടണം..... തിരിച്ചറിയാതെ മാറി ഉള്ളിലൊതുങ്ങി നിന്ന അക്ഷരസൗരഭ്യമെല്ലാം
കാറ്റിൽ പറത്തണം.... 
തോൽവി ചുംബിച്ച നിമിഷങ്ങളെയെല്ലാം കണ്ണടച്ച് 
ഇരുട്ടിൽ തളയ്ക്കണം....
പിന്നെയും ഓർമ്മയുടെ ദൂരമറ്റമെത്തും വരെ യാത്ര തുടരണം... 
സൗഹൃദങ്ങൾ നെഞ്ചിലുറങ്ങുന്ന കലാലയമുറ്റത്തേക്കു ഒന്നെത്തിനോക്കണം....
ചുവപ്പിനെ പ്രണയിച്ച സഖാവിന്റെ കണ്ഠനാദങ്ങൾക്കു വിപ്ലവത്തിന്റെ മാറ്റൊലിയായ് പടരണം.... ഹൃദയത്തിലൊളിപ്പിച്ച കുഞ്ഞു പ്രണയത്തെ, പറയാതെ പോയൊരാ ഇഷ്ടത്തെ നിസ്സംഗമായി ഒന്നുകൂടി പുണരണം.... 
വീണ്ടും കൺനിറയെ കാണണം.. മറഞ്ഞു നിന്നാ മുദ്രാവാക്യങ്ങൾക്കു കാതോർക്കണം....
ഉള്ളോളം അറിഞ്ഞ സൗഹൃദങ്ങളെ തേടിപ്പിടിക്കണം.
ഓർമ്മകളിലിനിയും തേൻമുട്ടായിയുടെ മധുരം നുണയണം. 
മറവിയാൽ മാറാല തീർത്ത മനസ്സുകളില്ലെക്കവരറിയാതെ കടന്നു ചെല്ലണം. 
മതിവരുവോളം തമാശ പറയണം, പൊട്ടിച്ചിരിക്കണം. 
കുശുമ്പും കുന്നായ്മയും ഏറ്റുപിടിക്കണം...
ഒടുവിലാരും കാണാതെ മിഴിനിറഞ്ഞതും പുഞ്ചിരിയായ് മുഖത്ത് വിരിയണം....
നഷ്ട്ടങ്ങളുടെ കണക്കെടുപ്പിനു തനിച്ചു വിട്ടുകൊടുക്കാതെ 
കടന്നു പോയ നിമിഷങ്ങളെ അത്രയും ചിക്കിചികഞ്ഞെടുത്തു 
കൂടെ കൂട്ടണം....
ഇനിയൊരു തിരിച്ചു വരവില്ലാത്ത യാത്രക്കും മുൻപേ.................


No comments:

Post a Comment

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...