ഈ നൊസ്റ്റാൾജിയ എന്നു പറയുന്ന സംഭവം ഒരു വല്ലാത്ത പഹയനാ .... ഇടയ്ക്ക് ഓർക്കുമ്പോൾ നെഞ്ചിലൊരു പെടപ്പാ...
നമ്മുടെ ലൈഫ് ഇങ്ങനെ തോന്നിയ പോലെ ബെല്ലും ബ്രേക്കും ഇല്ലാതെ പോയിക്കൊണ്ടിരിക്കുമ്പോ വല്ലപ്പോയും ആ ഓർമ്മകളെയൊന്നു റീവൈൻഡ് ചെയ്തു നോക്കുന്നെ നല്ലതാ...
അതെന്നേ അവിടിണ്ടാവും ഒരിക്കൽ നമുക്ക് പ്രിയമായതൊക്കെയും.....ജീവിതത്തിൽ ഒരുപക്ഷേ നമ്മൾ ഏറെ ആഗ്രഹിക്കുന്നതും മിസ്സ് ചെയ്‌യുന്നതുമായതെന്തും ഒരിക്കൽ നമ്മൾ അനുഭവിച്ചറിഞ്ഞ ആ ഇഷ്ട്ടങ്ങളാണ് ..
ബാല്യവും കൗമാരവും യൗവനവും നിമിനേരം കൊണ്ട് കടന്നു പോവും....
നരച്ച മുടിയിഴകളിൽ കൃതൃമം ചാലിക്കുന്ന വാർദ്ധക്യത്തിന്റെ അലസതയുടെ നാളുകളിൽ ആ നൊസ്റ്റാൾജിയ വെറുമൊരു കടങ്കഥ മാത്രമായി തീരും..
അതുകൊണ്ട് നമുക്കിപ്പൊ ഒരു യാത്ര പോവാം ....
കുഞ്ഞു നാളിൽ കല്ലെറിഞ്ഞു വീഴുതിയ മാമ്പഴത്തിന്റെ പിണക്കം പറഞ്ഞു തീർക്കാൻ മുത്തശി മാവിന്റെയടുക്കലേക്ക്....
നീന്തി തുടിച്ച ആറ്റിൻ ഓരത്തു വീണ്ടുമൊരു സ്വപ്ന സൗധം പണിയണം മണൽ തരികളാൽ... അതിലൊരിടമുണ്ട് നിനക്ക്..എന്റെ കളിക്കൂട്ടുകാരന് ...നിഷ്കളങ്ക സ്നേഹത്തിന്റെ
ഓർമ്മയ്ക്ക്.....
സ്കൂളിന്റെ വരാന്തയിലൂടെ ചെന്നു ആളൊഴിഞ്ഞ ആ ക്ലാസ്സ് മുറിയിലൊന്നിരിക്കാം കുറച്ചു നേരം .. കണക്കുമാഷിന്റെ ചൂരൽ വടിയുടെ ആ ശബ്ദം കേൾക്കുന്നില്ലേ ....
അപ്പുണ്ണിയുടെ കരച്ചിലും കുഞ്ഞിമാളുവിന്റെ കൊഞ്ഞനം കുത്തിയുള്ള ചിരിയും .... ദേ, ഉച്ചകഞ്ഞിക്കുള്ള മണിയടിയും കേട്ടു ... മനസിനുള്ളം തൊട്ട ചങ്ങാതിമാരുടെയും കുറേ ചങ്ങാത്തത്തിന്റെയും ഓർമ്മകളെ താലോലിച്ചു കൊണ്ട് ഇവിടുന്നും യാത്ര തുടരാം.....
അങ്ങ് ദൂരെ അപ്പൂപ്പൻതാടികൾ കാറ്റിൽ പറത്താം.... മഞ്ചാടിക്കുരു എണ്ണം തികഞ്ഞോന്നു നോക്കാം ... ആകാശം കാണാതെ വച്ച മയിൽപ്പീലികൾ തൊട്ടു തഴുകാം ....
പൂവാലി പശുവിന്റെ മേനിയിൽ ഒരുമ്മ കൊടുക്കാം ... പുഴക്കരയിൽ ചെന്നു തോണിയിൽ ഒന്നക്കരയ്ക്കു പോവാം... കുറുകുന്ന അമ്പലപ്രാവിന് അരിമണി വിതറാം.... നിലാവിന്റെ പാട്ടിനു കാതോർത്തു കിടന്നു പുലർച്ചെ ചെമ്പകം വിടർന്ന മണമാസ്വദിക്കാം....
കാലത്തിന്റെ ഇടനാഴികൾ പിന്നിടുമ്പോൾ വീണ്ടും കൂടു കൂട്ടിയ ചില സൗഹൃദങ്ങൾ ... പക്ഷേ പഴയ ചങ്ങാത്തത്തിന്റെ അത്ര ഉറപ്പില്ലാതെ കൊണ്ടാവും അവരിൽ പലരും കൂടൊഴിഞ്ഞു പോയതും .....
പിന്നെ ഓർക്കാനുള്ളത് കണ്ടറിഞ്ഞ ഭാവങ്ങളെയാണ് നിറങ്ങളെയാണ് കാഴ്ചകളെയാണ് ... നാവിൽ രുചിച്ചറിഞ്ഞ മധുരങ്ങളെയാണ് ..... കാലാടിപ്പാതകൾ പിന്നിട്ട യാത്രകളെയാണ് ....
എല്ലാം ഒരു നൊസ്റ്റാൾജിയ ആയി മറയുമ്പോയേക്കും ഒന്നറിഞ്ഞു വന്നേക്കാം അന്നു നെഞ്ചോരം ചേർത്തൊരാ നിമിഷങ്ങളെ.......

No comments:
Post a Comment