നീയും ഞാനുമെന്നത് ഇന്നൊരു
നനുത്ത സ്വപ്നമായ് തീർന്നിരിക്കുന്നു.
പ്രണയത്തിന്റെ സീൽക്കാരഭാവങ്ങളിൽ
മൽഹാറിലെ മണി മുഴങ്ങുന്നതും കാത്തു
പ്രതിധ്വനിയുടെ ശബ്ദ വീചികളിൽ
ഹൃദയത്തിന്റെ തേങ്ങലുകൾ ശ്രവിച്ച
മന്ദാകിനിയുടെ ഉള്ളിലെ നഷ്ട്ട സ്വപ്നം പോൽ
വിറപൂണ്ടു നിൽപ്പൂ ഈ പ്രണയം...
യാത്രയെ സ്നേഹിച്ച സ്വപ്നസഞ്ചാരിയുടെ
നിസ്വർത്ഥമായൊരീ രാത്രി പാലായനത്തിന്റ
കാലാടിപ്പാതകൾ പോലെ,
പ്രണയവർണ്ണങ്ങളാൽ ചായം തേച്ച
ചുമരുകളിലെങ്ങോ നിർജീവമായി
തൂങ്ങിയാടുന്ന ചുമർചിത്രമായ്,
നഷ്ടസ്വപ്നങ്ങളുടെ കണക്കെടുപ്പിൽ
എങ്ങുമെത്താതെ പോയൊരീ ഊരുചുറ്റിയുടെ പ്രണയം.....
ധനുമാസക്കുളിരിൽ പുതച്ചുറങ്ങുന്ന ഓർമ്മകളാൽ
തണുപ്പുള്ള പ്രഭാതങ്ങളിൽ ഇറ്റിറ്റു വീഴുന്ന
മഞ്ഞുതുള്ളിയുടെ ചുംബനത്തിനു പോലും
പറയാനുണ്ടാവാം
അപൂർണ്ണമായൊരീ സ്വപ്നത്തിന്റെ
അവശേഷിച്ച ചില ഏടുകളെക്കുറിച്ചു...
പാടിപ്പതിഞ്ഞ വരികളിലെ അർത്ഥശൂന്യമായ
ഈരടികളാൽ ഓർമ്മയിലുറങ്ങുന്ന നിന്റെ നിശ്വാസം
എന്നോടെന്തോ മന്ത്രിക്കുന്ന പോലെ...
വിഫലമായ ജീവിതത്തിന്റെ മർമ്മരമാവാം...
അല്ലെങ്കിൽ ഒരുപക്ഷെ
ആവർത്തനമില്ലാതെ പോയ
ജീവിതത്തിന്റ നിഴൽനാടകമാവാം...
എല്ലാമിന്നു വെറും നൈമിഷികമായ് തീർന്നിരിക്കുന്നു...
ചെറുനൂലിഴകളാൽ ഊടും പാവും തുന്നിച്ചേർത്ത
ഈ ജീവിതസ്വപ്നം...
വിരഹത്തിന്റെ നേർത്ത വിരലുകളാൽ മീട്ടിയ
സ്വപ്നവിപഞ്ചിക... എങ്കിലും,
ഇനിയൊരു സ്വപ്നത്തിൽ
നമുക്ക് വീണ്ടും കണ്ടുമുട്ടണം...
ഒരിക്കൽക്കൂടി ആൾക്കൂട്ടത്തിനിടയിൽ
പരസ്പരം കൊരുക്കുന്ന നമ്മുടെ കണ്ണുകൾ
തമ്മിൽ അന്നും സ്വകാര്യം പറയണം..
കാണണമെന്നു കൊതിച്ച വഴിത്താരകളിൽ കൂടി
കൈചേർത്തു നടക്കണം...
നിന്റെ നെഞ്ചോരം ചേർന്ന്
കവിളിലൊരു മുത്തം നൽകണം...
തേടി വന്ന നഷ്ട്ടങ്ങളൊക്കെയും
വന്നു ചേർന്ന സ്വപ്നമായ് തീർക്കണം..
സ്വപ്നങ്ങളെ സ്നേഹിച്ചു ജീവിതം
സ്വപ്നത്തേക്കാൾ മനോഹരമെന്നു
പറയാതെ പറയണം..